ന്യൂഡല്‍ഹി : ബോട്ട് മറിഞ്ഞ് കടലില്‍ മുങ്ങിത്താഴ്ന്ന് മരണത്തെ അഭിമുഖീകരിച്ച പാക് നാവികര്‍ക്ക് രക്ഷകരായി ഇന്ത്യന്‍ തീരദേശ സേന. ഗുജറാത്ത് തീരത്താണ് പാക് നാവികര്‍ക്ക് ഇന്ത്യ സഹായവുമായെത്തിയത്. അതിര്‍ത്തി കടന്നെന്നാരോപിച്ച് ഒരു സംഘം മല്‍സ്യത്തൊഴിലാളികളെ പിന്തുടരുകയായിരുന്നു പാക് നാവികര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് ഒരു ഇന്ത്യന്‍ ബോട്ടിലിടിച്ച് മറിയുകയായിരുന്നു. ആറ് പാകിസ്താന്‍ കമാന്‍ഡോകളാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. മൂന്നുപേരാണ് വെള്ളത്തില്‍ മുങ്ങിത്താഴ്ന്നത്. ഇതില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി.
മല്‍സ്യത്തൊഴിലാളികളെ വട്ടമിട്ട പാക് ബോട്ട് അവരെ പിടികൂടി പാക് തീരത്തേക്ക് പോവുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇന്ത്യന്‍ തീരദേശസേനയുടെ ‘അരിഞ്ജയ്’ എന്ന കപ്പലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായെത്തിയത്. ഗുജറാത്ത് തീരത്തു നിന്നും പിടികൂടിയ ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പിന്നീട് വിട്ടയച്ചെന്ന് പാകിസ്താന്‍ അധികൃതര്‍ അറിയിച്ചു. അതിര്‍ത്തിയിലും കുല്‍ഭൂഷണ്‍ യാദവിന്റെ മോചനവുമായി ബന്ധപ്പെട്ട സംഭവത്തിലും പാകിസ്താനുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവമെന്നതും ശ്രദ്ധേയമാണ്.
Post Your Comments