KeralaLatest NewsNews

റവന്യൂ സംഘത്തിന് നേരെ സിപിഎമ്മുകാരുടെ കൈയേറ്റം

ദേവികുളം : ദേവികുളത്ത് റവന്യൂ സംഘം കൈയേറ്റം ഒഴിപ്പിക്കുന്നു. സര്‍ക്കാര്‍ ഭൂമി കൈയേറി സ്ഥാപിച്ച ഷെഡുകളാണ് പൊളിക്കുന്നത്. എന്നാല്‍ പോളിക്കനെത്തിയ റവന്യൂ സംഘത്തിന് നേരെ സിപിഎമ്മുകാരുടെ കൈയേറ്റവും ഉണ്ടായി. റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മണിയെന്നയാളാണ് ഭൂമി കൈയേറി ഷെഡ് വച്ചത്. പൊളിക്കല്‍ ആരംഭിച്ചതോടെ ദേവികുളം പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി ഭൂസംരക്ഷണസേന അംഗം ലിസണെ കൈയേറ്റം ചെയ്തു.

റവന്യൂ സംഘത്തെ ആക്രമിച്ച സംഭവം അറിഞ്ഞ് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ രംഗത്തെത്തി. ദേവികുളം പോലീസിനെ വിവരം അറിയിച്ചെങ്കിലും അവര്‍ വൈകിയാണ് എത്തിയത്. അക്രമികളെ പിടികൂടാന്‍ ശ്രമിക്കാത്ത ദേവികുളം എസ്‌ഐയെയും അഡീഷണല്‍ എസ്‌ഐയെയും സബ് കളക്ടര്‍ ശകാരിച്ചു. ഇതോടെ സബ് കളക്ടര്‍ക്കെതിരെ തിരിഞ്ഞ സിപിഎം സംഘം അദ്ദേഹത്തെ അസഭ്യം പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് കെഡിഎച്ച് വില്ലേജിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.പി. രാജനും ഭൂസംരക്ഷണസേന അംഗങ്ങളും കൈയേറ്റം ഒഴിപ്പിക്കാനെത്തിയത്.പിന്നീട് സിപിഎം നേതാവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ പരാതിയില്ലെന്ന് ഭൂസംരക്ഷണസേന അംഗങ്ങള്‍ അറിയിച്ചതോടെ സുരേഷിനെ വിട്ടയച്ചു .

അസഭ്യം പറഞ്ഞതിനും കൈയേറ്റം ചെയ്തതിനും സുരേഷ്, സിപിഎം ലോക്കല്‍ സെക്രട്ടറി ജോബി എന്നിവര്‍ക്കെതിരെ കേസെടുത്തുവെന്ന് ദേവികുളം സിഐ അര്‍ഷാദ് പറഞ്ഞു. പോലീസിനെ വിവരം അറിയിക്കാതെ റവന്യൂ സംഘം ഒഴിപ്പിക്കലിന് പോയതിനാലാണ് പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമെന്നാണ് സിഐ പറയുന്നത്.അക്രമത്തിലുള്ള അതൃപ്തി റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എം.വി. ജയരാജനെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button