India

ആസിഡ് ആക്രമണങ്ങള്‍ തടയാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നു

ലഖ്‌നൗ : യു.പിയില്‍ ആസിഡ് ആക്രമണങ്ങള്‍ തടയാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നു. ആസിഡ് സൂക്ഷിക്കുന്നതും വില്‍ക്കുന്നതും സംബന്ധിച്ച 2014 ലെ നിയമം കര്‍ശനമായി നടപ്പാക്കാനാണ് നിര്‍ദ്ദേശം. യു.പി ചീഫ് സെക്രട്ടറി രാഹുല്‍ ഭട്‌നാഗര്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അയച്ചു.

എല്ലാ മാസവും ആസിഡ് വ്യാപാരികളുടെ ഗോഡൗണുകളില്‍ പരിശോധന നടത്തണമെന്നും ഏഴാം തീയതിക്കകം സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആസിഡ് അടക്കമുള്ളവ വില്‍ക്കുന്നവര്‍ അവ വാങ്ങാനെത്തുന്നവരുടെ പേരും വിലാസവും അടക്കമുള്ള കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന നിലവിലുള്ള നിയമം കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും നിര്‍ദ്ദേശമുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വില്‍പ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള ആസിഡിന്റെ കണക്ക് കച്ചവടക്കാര്‍ 15 ദിവസത്തിനകം ജില്ലാ മജിസ്‌ട്രേട്ടുമാര്‍ക്ക് സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കണക്ക് പരിശോധിച്ചശേഷം ഉദ്യോഗസ്ഥര്‍ ആസിഡ് വില്‍പ്പനശാലകളില്‍ പരിശോധന നടത്തും. മജിസ്‌ട്രേട്ടുമാര്‍ക്ക് സമര്‍പ്പിച്ച കണക്ക് തെറ്റാണെന്ന് കണ്ടെത്തിയാല്‍ സൂക്ഷിച്ചിട്ടുള്ള ആസിഡ് മുഴുവന്‍ പിടിച്ചെടുക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. 50,000 രൂപ പിഴയും വ്യാപാരി ഒടുക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button