Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

തിരുവനന്തപുരം കൂട്ടക്കൊല; എല്ലാം ആസൂത്രിതമെന്ന് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം നന്തന്‍കോട്ട് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവം കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. കേഡല്‍ ജീന്‍സണ്‍ രാജ എല്ലാം മുന്‍കൂട്ടി ആസൂത്രണംചെയ്യുകയും സംഭവശേഷം തന്ത്രപൂര്‍വം മുങ്ങിയെന്നുമാണ് പോലീസ് കരുതുന്നത്. ഇയാളെ പിടികൂടുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.

സംഭവസ്ഥലത്തുനിന്ന് ഡമ്മി കണ്ടെത്തിയതും കന്നാസില്‍ പെട്രോള്‍ കണ്ടെത്തിയതുമാണ്, പോലീസിനെ ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിലെത്തിക്കുന്നത്. അതുപോലെ കഴിഞ്ഞ രണ്ടുദിവസമായി കേഡലിന്റെ സ്വഭാവത്തിലുണ്ടായ മാറ്റം സംബന്ധിച്ച് ഡോക്ടറുടെ സഹോദരന്‍ ജോസ് നൽകിയ വിവരങ്ങളുംകൂടി പരിശോധിക്കുമ്പോൾ കൊലപാതകം ആണെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ ആരുമുണ്ടാകില്ലെന്നു മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും കൊലപാതകം നടത്തി രക്ഷപ്പെടുകയും ചെയ്യാന്‍ കാര്യമായ ആസൂത്രണമാണ്‌ കേഡല്‍ നടത്തിയിരിക്കുന്നതെന്നും പോലീസ് വിലയിരുത്തുന്നു.

അതേസമയം, തീപിടിച്ചപ്പോൾ ആരുടെയും നിലവിളിയോ മറ്റു ശബ്ദങ്ങളോ പുറത്തുകേട്ടില്ലയെന്നതും പോലീസിനെ കുഴയ്ക്കുന്നു. മറ്റു സാധ്യതകളെക്കുറിച്ചുമൊക്കെ പോലീസ് പരിശോധിക്കുന്നുണ്ട്. മൂന്നുദിവസത്തിലധികം പഴക്കം ലളിതയുടെ മൃതദേഹത്തിനുണ്ടെന്നാണ് പോലീസ് പറയുന്നത്. അങ്ങനെയെങ്കില്‍ കത്തിക്കരിഞ്ഞുപോയ മറ്റു മൃതദേഹങ്ങള്‍ക്കും അത്രയും ദിവസത്തെ പഴക്കമുണ്ടായിരിക്കണമെന്നാണ് പോലീസിന്റെ സംശയം.

വീട്ടിലുണ്ടായിരുന്നവരെല്ലാം തീപ്പിടിത്തത്തില്‍ മരിച്ചുവെന്നു വരുത്തി തീർക്കാനാകും ഒരു ഡമ്മി ഒരുക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍, ഭാഗികമായി മാത്രം കത്തിയെരിഞ്ഞ ഈ ഡമ്മി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയും കേഡല്‍ അവിടെയില്ലെന്നു മനസ്സിലാക്കുകയും ചെയ്ത ഉടന്‍തന്നെ പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയിരുന്നു. ബസ്സ്റ്റാന്‍ഡിലെത്തിയ ഇയാൾ ബസ് കയറിയാണ് രക്ഷപ്പെട്ടതെന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്.

ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത് എന്തിനുവേണ്ടിയാണെന്ന അന്വേഷണത്തിലാണ് പോലീസ്. കേഡലിന്റെ കുടുംബത്തിനു തമിഴ്‌നാട്ടില്‍ നിരവധി എസ്റ്റേറ്റുകളുണ്ട്. അടുത്തിടെയും ഇവര്‍ ഒരു എസ്റ്റേറ്റ് വാങ്ങിയിരുന്നുവെന്നും സമീപവാസികള്‍ പറയുന്നു. കുടുംബാംഗങ്ങള്‍ക്കിടയില്‍ സാമ്പത്തികത്തര്‍ക്കമുണ്ടായിരുന്നോ എന്നു പരിശോധിക്കുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ വൈദ്യശാസ്ത്രം പഠിക്കാനെത്തിയ കേഡല്‍, ഒടുവില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് മേഖലയിലായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് മേഖലയില്‍ പഠനം പൂര്‍ത്തിയാക്കിയ ഇയാള്‍, മടങ്ങിയെത്തിയ ശേഷം വീഡിയോ ഗെയിം വികസിപ്പിക്കലായിരുന്നു ജോലിയായി സ്വീകരിച്ചിരുന്നത്.

നാട്ടില്‍ കേഡലിന് സുഹൃത്തുക്കളൊന്നുമില്ലായിരുന്നുവെന്നും സമീപവാസികള്‍ പറയുന്നു. കടയിലും മറ്റും പോകാനായി വൈകുന്നേരങ്ങളില്‍ മാത്രമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ബാക്കിസമയമൊക്കെ വീട്ടില്‍ത്തന്നെയായിരുന്നുവെന്നും സമീപവാസികള്‍ പറയുന്നു.ഇയാളുടെ കംപ്യൂട്ടറുകളും മറ്റും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കന്റോണ്‍മെന്റ് അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button