ന്യൂഡൽഹി: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആർ.കെ. നഗറിൽ 12നു നടത്താൻ നിശ്ചയിച്ചിരുന്ന ഉപതെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ റദ്ദാക്കി. മണ്ഡലത്തില്‍ വ്യാപകമായി പണം വിതരണം നടന്നതായി തമിഴ്‌നാട് ആദായനികുതി വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എഐഎഡിഎംകെ ശശികല വിഭാഗം സ്ഥാനാര്‍ഥി ടി ടി വി ദിനകരന്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി 89 കോടി രൂപ വിതരണം ചെയ്തുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇത്തരത്തിലുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വെള്ളിയാഴ്ച ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയ ഭാസ്‌കറിന്റെ വീട്ടില്‍ അടക്കം 35 സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് പണവും സ്വർണവും കണ്ടെത്തിയതായാണ് റിപ്പോർട്ട്.
ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടും റിട്ടേണിങ് ഓഫീസറുടെ റിപ്പോർട്ടും പരിശോധിച്ചശേഷമാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം.
Post Your Comments