ചെന്നൈ: സമീപകാലത്തായി യാത്രാവരുമാനത്തില്‍ റെയില്‍വേക്ക് വന്‍നേട്ടം. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. യാത്രാനിരക്ക് കൂടുതലുള്ള സുവിധ, പ്രീമിയം തത്കാല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിഞ്ഞതിലൂടെയും വരുമാനം വർധിച്ചുവെന്ന് ചെന്നൈ ഡിവിഷനല്‍ മാനേജര്‍ അനുപമം ശര്‍മ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2016-17ല്‍ 2000 കോടി രൂപയുടെ വര്‍ധനയാണുണ്ടായത്.
യാത്രക്കാരുടെ എണ്ണം 812.1 കോടിയില്‍നിന്ന് 815.1 കോടിയായി വര്‍ധിച്ചു. 87 പുതിയ തീവണ്ടി സര്‍വീസ് ആരംഭിക്കുകയും 51 തീവണ്ടികള്‍ സര്‍വീസ് ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു. നാല് ഹംസഫര്‍ എക്സ്പ്രസ്, രണ്ട് അന്ത്യോദയ തീവണ്ടികളും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ആരംഭിച്ചിരുന്നു. വിവിധ തീവണ്ടികളിലായി 586 കോച്ചുകള്‍ കൂടുതലായി കൂട്ടിച്ചേര്‍ത്തു. 31,438 പ്രത്യേക തീവണ്ടിസര്‍വീസും ഉണ്ടായിരുന്നു. 350 തീവണ്ടികളുടെ വേഗം കൂട്ടുകയും 104 തീവണ്ടികള്‍ സൂപ്പര്‍ഫാസ്റ്റായി മാറ്റുകയും ചെയ്തു. 34 എല്‍.എച്ച്.ബി. തീവണ്ടികള്‍ എല്‍.എച്ച്.ബി. കോച്ചുകളാക്കി മാറ്റി. ടിക്കറ്റ് പരിശോധനയില്‍ ആറുശതമാനത്തിന്റെ വര്‍ധനയുണ്ടായി. ടിക്കറ്റ് പരിശോധനയിലൂടെ നേടിയ വരുമാനത്തില്‍ 950 കോടി രൂപയുടെ വര്‍ധനയുണ്ടായി.
യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 34,000 ബയോ ശൗചാലയങ്ങള്‍ ഫിറ്റ്‌ചെയ്തു. 1313 സ്റ്റേഷനുകളില്‍ എല്‍.ഇ.ഡി.ലൈറ്റുകള്‍ സ്ഥാപിച്ചു. 100 സ്റ്റേഷനുകളില്‍ വൈ-ഫൈ സൗകര്യം എര്‍പ്പെടുത്തി. 2855 കിലോമീറ്റര്‍ പുതിയ പാതകള്‍ സര്‍വീസിനായി തിരഞ്ഞെടുത്തു. വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ മീറ്റര്‍ഗേജുകളും ബ്രോഡ്‌ഗേജാക്കി മാറ്റി. 2013 കിലോമീറ്റര്‍ പാത വൈദ്യുതീകരിച്ചു. 1503 ആളില്ലാത്ത ലെവല്‍ ക്രോസിങ്ങുകള്‍ ഇല്ലാതാക്കി. ഈ സ്ഥലങ്ങളില്‍ മേല്‍പാലങ്ങളും അടിപ്പാതകളും സ്ഥാപിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1306 റോഡ് ഓവര്‍ ബ്രിഡ്ജുകള്‍ സ്ഥാപിച്ചു. 750 പാലങ്ങള്‍ നവീകരിച്ചു. 45 ചരക്ക് ടെല്‍മിനലുകള്‍ കമ്മീഷന്‍ചെയ്തു. 59 ലോക്കോമോട്ടീവ് എന്‍ജിനുകള്‍ നിര്‍മിച്ചു. യാത്രാതീവണ്ടികള്‍ക്കായി 4280 കോച്ചുകളും നിര്‍മിച്ചു.
Post Your Comments