KeralaLatest NewsNews

മഹിജയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദ്ദം; പ്രതികരണവുമായി ആശുപത്രി അധികൃതർ

തിരുവനന്തപുരം: മഹിജയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദ്ദമെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത്. ഞങ്ങളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഫോണിലേക്ക് ആരോ വിളിച്ചെന്നും, ഡിസ്ചാര്‍ജ് ഇല്ലെങ്കില്‍ മഹിജയെ പേ വാര്‍ഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതായും ജിഷ്ണുവിന്റെ അമ്മാവന്‍ പറഞ്ഞു. എന്നാൽ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാദാപുരം സ്വദേശിയായ മഹിജയേയും (45) ശ്രീജിത്തിനേയും (35) ഭേദമാകുന്നതുവരെ ഡിസ്ചാര്‍ജ് ചെയ്യില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മഹിജയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദമുണ്ടെന്നത് തെറ്റായ പ്രചാരണമാണ്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് മുകളില്‍ നിന്നും നിര്‍ദേശം ലഭിച്ചതെന്നും സൂപ്രണ്ട് വ്യക്തമാക്കി.

നടുവേദന, ഇടുപ്പ് ഭാഗത്ത് വേദന എന്നിവയുമായാണ് മഹിജ ചികിത്സ തേടിയെത്തിയത്. എം.ആര്‍.ഐ. സ്‌കാനിംഗിലും സി.ടി. സ്‌കാനിംഗിലും പ്രശ്‌നമൊന്നും കണ്ടില്ല. ഇതുമായി ബന്ധപ്പെട്ട യാതൊരു പ്രശ്‌നവും മഹിജയ്ക്കില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഭക്ഷണം കഴിക്കാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടുകളാണുള്ളത്. ഓര്‍ത്തോ വിഭാഗത്തില്‍ അഡ്മിറ്റായ മഹിജയെ അതിനാല്‍ തന്നെ മെഡിസിനിലെ വിദഗ്ധ ഡോക്ടര്‍മാരും പരിശോധിച്ചു. തുടര്‍ന്ന് മഹിജയെ പേ വാര്‍ഡിലേക്ക് മാറ്റി. സൂപ്രണ്ടിന്റെ അഭ്യര്‍ത്ഥന പ്രകാരം മഹിജ ചികിത്സയോട് സഹകരിക്കുകയും ദ്രവരൂപത്തിലുള്ള പാനീയങ്ങള്‍ കഴിക്കുകയും ചെയ്യുന്നുണ്ട്.

മഹിജയുടെ സഹോദരന്‍ ശ്രീജിത്തിനും (35) ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്‌നവുമില്ലെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തി. പ്രമേഹ രോഗിയായതിനാലും ഭക്ഷണം കഴിക്കാത്തതിനാലുമുള്ള ബുദ്ധിമുട്ടുകളാണ് ശ്രീജിത്തിനുള്ളത്. സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലുള്ള ശ്രീജിത്തിനെ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാരും പരിശോധിച്ചു.

shortlink

Related Articles

Post Your Comments


Back to top button