ന്യൂഡല്‍ഹി: പ്രതിദിനം രണ്ട് ലക്ഷത്തിനുള്ള പണമിടപാടിനുള്ള വിലക്കില്‍ കേന്ദ്രസര്‍ക്കാര്‍ ചില ഇളവുകള്‍ ഏര്‍പ്പെടുത്തി . പ്രതിദിനം രണ്ട് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്കുള്ള വിലക്ക് ബാങ്ക്- പോസ്റ്റ് ഓഫീസ് ഇടപാടുകള്‍ക്ക് ബാധകമല്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ഇന്‍കം ടാക്സ് (സിബിഡിടി). കോ ഓപ്പറേറ്റീവ് ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകള്‍ എന്നിവയാണ് വിലക്കിന്റെ പരിധിയില്‍പ്പെടാത്തത്.
സര്‍ക്കാരിലേക്കുള്ള പണമിടപാടുകള്‍ക്കും ഇത് ബാധകമായിരിക്കില്ല. ഇത് സംബന്ധിച്ച് സിബിഡിറ്റി വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.
രണ്ട് ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ സ്വീകരിക്കുന്ന വ്യക്തിയില്‍ നിന്ന് അതേ തുക തന്നെ പിഴയായി ഈടാക്കാനാണ് 2017ലെ ധനകാര്യ ആക്ട് വ്യവസ്ഥ ചെയ്യുന്നത്.
പ്രതിദിനം രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ ഒറ്റത്തവണയായോ പലതവണയായോ നടത്തുന്ന കറന്‍സി ഇടപാടുകള്‍ക്ക് വിലങ്ങിടുന്നതാണ് ധനകാര്യ നിയമത്തിലെ നിര്‍ദേശം. രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴുക്ക് ഇല്ലാതാക്കുന്നതിനായി കറന്‍സി ഇടപാടുകള്‍ കുറയ്ക്കുന്നതിനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്നത്.
ഇതോടെയാണ് കറന്‍സിയായി നടത്താവുന്ന ഇടപാടുകള്‍ മൂന്ന് ലക്ഷമായി പരിമിതപ്പെടുത്താന്‍ കേന്ദ്രധനകാര്യ മന്ത്രാലയം ബജറ്റില്‍ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ 2017ല്‍ ധനകാര്യ ബില്ലിലെ ഭേദഗതിയിലാണ് ഈ പരിധി രണ്ട് ലക്ഷമാക്കി കുറച്ചത്.
ചെറുകിട കച്ചവടക്കാര്‍ മുന്‍കൂറായി നികുതി അടയ്ക്കുന്ന നികുതി ചെക്കായോ ഡിജിറ്റലായോ നല്‍കുന്ന പക്ഷം ലാഭത്തിന്റെ എട്ട് ശതമാനത്തില്‍ നിന്ന് ആറ് ശതമാനമാക്കി കുറയ്ക്കുമെന്നും സിബിഡിടി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
Post Your Comments