ഉദ്ധംപൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. വിഷമാവസ്ഥയില്‍ സഹായിച്ചതിനാണ് മെഹബൂബ മുഫ്തി നന്ദി അറിയിച്ചത്. കശ്മീര്‍ കഴിഞ്ഞ വര്‍ഷം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോള്‍ തന്നെയും തന്റെ സര്‍ക്കാരിനെയും മോദി പിന്തുണച്ചുവെന്ന് മെഹബൂബ മുഫ്തി പറഞ്ഞു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയെ കഴിഞ്ഞ വര്‍ഷം ജൂലൈ 8ന് കൊലപ്പെടുത്തിയ ശേഷം കശ്മീരിലുണ്ടായ പ്രതിഷേധത്തെ നേരിടാന്‍ മോദി നല്‍കിയ പിന്തുണ ചെറുതല്ലെന്നാണ് മെഹബൂബ പറയുന്നത്. അന്നുമുതല്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ജമ്മു കശ്മീര്‍ ഗവണ്‍മെന്റിന് തനിച്ച് കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നില്ല എന്നും കശ്മീര്‍ മുഖ്യമന്ത്രി പറഞ്ഞു.
ജമ്മു കശ്മീരില്‍ ഒരുവിഭാഗം യുവാക്കള്‍ കല്ലെറിയുന്നവരായി മാറിയപ്പോള്‍ മറ്റൊരു വിഭാഗം യുവാക്കള്‍ കല്ലുകളെ വികസനത്തിനായി ഉപയോഗിക്കുന്നുവെന്ന് മോദി പറഞ്ഞു. തീവ്രവാദമാണോ ടൂറിസമാണോ വേണ്ടതെന്ന് കശ്മീരി യുവാക്കള്‍ തീരുമാനിക്കണമെന്നാണ് മോദി കശ്മീരികളോട് പറയുന്നത്. ചെനാനി നഷ്‌റി ടണലിന്റെ നിര്‍മാണത്തില്‍ കശ്മീരികള്‍ വഹിച്ച പങ്കിനെയും മോദി അഭിനന്ദിച്ചു.
Post Your Comments