Latest NewsNewsIndia

കശ്മീരിലെ സമാധാനം തകര്‍ക്കണം : സന്ദേശം പോയത് കശ്മീരിലെ ജയിലില്‍ നിന്ന് പാകിസ്ഥാനിലേയ്ക്ക് :

ശ്രീനഗര്‍ : കശ്മീരിലെ ബരാമുള്ളയില്‍ ജയിലിനുള്ളില്‍ വിഘടനവാദികളുടെ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസ്. സംസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കുന്നതിനാണ് ഇവരുടെ ശ്രമം. കഴിഞ്ഞ ദിവസം ജയിലില്‍ നടത്തിയ പരിശോധനയില്‍ 16 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്.
തടവിലുള്ള ചില ഭീകരരും വിഘടനവാദികളും പാക്കിസ്ഥാനിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നത് ഈ ഫോണുകള്‍ ഉപയോഗിച്ചായിരുന്നു. സംസ്ഥാനത്ത് സംഘര്‍ഷം ഉണ്ടാക്കുന്നതിന് ഇവര്‍ സഹായം ചെയ്തിരുന്നതായും പൊലീസ് വ്യക്തമാക്കി. പാക്കിസ്ഥാനില്‍നിന്ന് എത്തിയതെന്നു കരുതുന്ന ചില വാട്‌സാപ്പ് കോളുകളില്‍നിന്നുള്ള വിവരങ്ങള്‍ മനസിലാക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് ബാരമുള്ള എസ്എസ്പി ഇംതിയാസ് ഹുസൈന്‍ പറഞ്ഞു.
2010ല്‍ കശ്മീരിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച വിഘടനവാദി നേതാവ് മസ്രത്ത് ആലത്തിന്റെ കയ്യില്‍നിന്നാണ് രണ്ടുഫോണുകള്‍ കണ്ടെത്തിയത്. 2015ല്‍ പിഡിപി അധികാരത്തിലെത്തിയപ്പോള്‍ ഇയാളെ മോചിപ്പിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് വീണ്ടും അറസ്റ്റു ചെയ്തു.
ജയിലിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി ഭീകരര്‍ കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു. തങ്ങളുടെ സഹോദരങ്ങളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നുമായിരുന്നു ഭീഷണി. ഇതേത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.

shortlink

Post Your Comments


Back to top button