Latest NewsNewsIndia

രാജ്യത്തെ കള്ളനോട്ടുകാര്‍ക്ക് തിരിച്ചടിയായി കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്തെ കള്ളനോട്ടുകാര്‍ക്ക് തിരിച്ചടി നല്‍കാന്‍ കേന്ദ്രം. പുതിയ തീരുമാനത്തോടെ രാജ്യത്തെ കള്ളനോട്ടുകള്‍ക്ക് തടയിടാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ഓരോ 3-4 വര്‍ഷം കൂടുമ്പോഴും 500, 2000 രൂപ നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. നോട്ട് പിന്‍വലിക്കലിനു ശേഷമുള്ള നാല് മാസത്തിനിടയില്‍ കള്ളനോട്ടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇക്കാര്യം ധനമന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി ചര്‍ച്ച ചെയ്തു,

ആഗോള തലത്തില്‍ തന്നെ വികസിത രാജ്യങ്ങളെല്ലാം നാലു വര്‍ഷം  കൂടുമ്പോള്‍
സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്താറുണ്ടെന്നും ഇന്ത്യയും ഈ പാത പിന്തുടരണമെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.
നോട്ട് പിന്‍വലിക്കലിന് മുമ്പ് വരെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ രൂപകല്‍പനയില്‍ മാറ്റം വരുത്തുന്നത് ദീര്‍ഘകാലത്തിന് ശേഷമായിരുന്നു. എന്നാല്‍ 1000 രൂപയുടെ നോട്ടില്‍ കാര്യമായ സുരക്ഷാ മാറ്റങ്ങളൊന്നും വരുത്തിയിരുന്നുമില്ല. 1987ല്‍ പുറത്തിറങ്ങിയ 500 രൂപയുടെ നോട്ടില്‍ മാറ്റം വരുത്തിയത് 10 വര്‍ഷം മുമ്പ് മാത്രമാണ്. പുതിയതായി ഇറക്കിയ 2000, 500 രൂപ നോട്ടുകള്‍ പഴയ 1000, 500 രൂപ നോട്ടുകള്‍ക്ക് സമാനമാണ്. അടുത്തിടെ പിടികൂടിയ കള്ളനോട്ടുകളില്‍, പുതിയ നോട്ടിലെ 17 സുരക്ഷാ സവിശേഷതകളില്‍ 11 എണ്ണവും ഉണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. സുതാര്യമായ ഭാഗം, വാട്ടര്‍ മാര്‍ക്ക്, അശോകസ്തംഭം, നോട്ടിന്റെ ഇടതുവശത്തുള്ള 2000 എന്ന എഴുത്ത്, ഗവര്‍ണറുടെ ഒപ്പ് തുടങ്ങിയവയൊക്കെ കള്ളനോട്ടുകളിലും അതുപോലെ തന്നെ ഉണ്ടായിരുന്നു. കൂടാതെ നോട്ടിന് പിന്നില്‍ ചന്ദ്രയാന്‍, സ്വച്ച് ഭാരത് എന്നിവയുടെ ചിഹ്നങ്ങളും പതിച്ചിരുന്നു.

2016ല്‍ കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ 400 കോടിയുടെ വ്യാജ കറന്‍സികളാണ് ഇന്ത്യയിലുള്ളതെന്നാണ് കണ്ടെത്തിയിരുന്നു.

shortlink

Post Your Comments


Back to top button