ശ്രീനഗര്‍: ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന ഏറ്റവും നീളമുള്ള ഹൈവേ തുരങ്കം നാളെ യാഥാര്‍ത്ഥ്യമാകും. തുരങ്കം നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ജമ്മു കശ്മീരിലെ ചെനാനിയില്‍ നിന്ന് നശ്രി വരെയാണ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് തുരങ്കത്തില്‍ ഒരുക്കിയിരിക്കുന്നത്. ജമ്മു -ശ്രീനഗര്‍ ദേശീയ പാതയിലെ കുദ്, പറ്റ്‌നിടോപ് എന്നിവടങ്ങള്‍ വഴിയുള്ള മഞ്ഞുവീഴ്ചയും മലയിടിച്ചിലുമുള്ള ദുര്‍ഘടമായ പാതയിലൂടെയുള്ളയാത്രയാണ് തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ ഒഴിവാകുന്നത്.
കിലോമീറ്ററുകള്‍ ലാഭിക്കുന്നതിനോടൊപ്പം യാത്രാ സമയത്തില്‍ രണ്ടു മണിക്കൂറും,ദിവസം 27 ലക്ഷം രൂപയുടെ ഇന്ധനവും ലാഭിക്കാം.. പരമാവധി സുരക്ഷ ഉറപ്പുവരുത്തി, അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള ക്രമീകരണങ്ങളോടെയാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്.
സമാന്തരമായ രണ്ട് തുരങ്കങ്ങളുടെ സമുച്ചയമാണ് ഈ പാത. 13 മീറ്റര്‍ വ്യാസമുള്ള പ്രധാന പാതയും അതിന് സമാന്തരമായി ആറ് മീറ്റര്‍ വ്യാസമുള്ള മറ്റൊരു സുരക്ഷാ പാതയുമാണുള്ളത്.
പ്രധാന പാതയില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സമോ അപകടമോ സംഭവിച്ചാല്‍ ഉപയോഗിക്കുന്നതിനാണ് സമാന്തരമായി സുരക്ഷാ പാത നിര്‍മിച്ചിരിക്കുന്നത്. തുരങ്കത്തിനുള്ളിലെ സാഹചര്യമറിയാന്‍ ടണല്‍ കണ്‍ട്രോള്‍ റൂം, 124 ക്യാമറകള്‍,യാത്രികര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ സഹായം തേടുന്നതിനായി ഓരോ 150 മീറ്റര്‍ ഇടവിട്ടും ഫോണ്‍ സംവിധാനങ്ങളുണ്ട്.
പ്രഥമശുശ്രൂഷാസൗകര്യവും അത്യാവശ്യ മരുന്നുകളും ഇതോടൊപ്പമുണ്ടാവും. 3720 കോടി രൂപ ചിലവില്‍ അഞ്ചര വര്‍ഷകൊണ്ടാണ് ഈ തുരങ്കം പൂര്‍ത്തിയാക്കിയത്.
Post Your Comments