ലക്നൗ: യു.പിയിലെ റോമിയോ സ്‌ക്വാഡിന് ഹൈക്കോടതിയുടെ കർശന നിർദേശങ്ങൾ. പൂവാലൻമാരെ പിടികൂടിയാൽ മൊട്ടയടിക്കാനോ മുഖത്തു കറുപ്പു തേയ്ക്കാനോ ഏത്തമിടീക്കാനോ പാടില്ലെന്നു കോടതി നിർദേശിച്ചു. ഇതേതുടർന്ന് ഉത്തർപ്രദേശ് സർക്കാർ നിയമപ്രകാരമുള്ള ശിക്ഷാനടപടികൾ സ്വീകരിച്ചാൽ മതിയെന്ന് പോലീസിനും നിർദേശം നൽകി.
പോലീസിന്റെ ‘റോമിയോ സ്ക്വാഡി’ന്റെ വഴിവിട്ട ശിക്ഷാരീതികൾ അവസാനിപ്പിക്കാൻ അലഹാബാദ് ഹൈക്കോടതിയാണു ഉത്തരവിട്ടത്. തുടർന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇടപെട്ടു. തിരഞ്ഞെടുപ്പു വാഗ്ദാനം നടപ്പാക്കുന്നതിന്റെ പേരിലാണു പുതിയ സർക്കാർ സ്ക്വാഡിനു രൂപംനൽകിയത്. പൂവാലശല്യം ഇല്ലാതാക്കുന്നതിന്റെ പേരിൽ കമിതാക്കളെയും ദമ്പതികളെയും പോലീസ് പീഡിപ്പിക്കുന്നു എന്ന പൊതുതാൽപര്യ ഹർജിയാണു കോടതി പരിഗണിച്ചത്. യുവതീയുവാക്കളെ സ്ക്വാഡ് അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ ടിവി ചാനലുകളും സംപ്രേഷണം ചെയ്തിരുന്നു.
Post Your Comments