Kerala

വിവാഹ ബ്യൂറോയുടെ മറവില്‍ വര്‍ഷങ്ങളായി തട്ടിപ്പ് നടത്തിവന്ന സംഘം പിടിയിലായി

തിരുവനന്തപുരം : വിവാഹ ബ്യൂറോയുടെ മറവില്‍ വര്‍ഷങ്ങളായി തട്ടിപ്പ് നടത്തിവന്ന സംഘം പൊലീസിന്റെ പിടിയിലായി. നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവാഹ ബ്യൂറോയാണിത്. ജില്ലയ്ക്ക് പുറത്തും ഇതിന് ബ്രാഞ്ചുകളുണ്ട്. ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ നല്‍കിയശേഷം വിവാഹ ബ്യൂറോയിലെ ഒരാള്‍തന്നെയാകും പെണ്‍കുട്ടിയുടെ അച്ഛനായും രംഗപ്രവേശം ചെയ്യുക. ബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് പണം തട്ടുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നാണ് പൊലീസ് പറയുന്നത്. വിവാഹ ബ്യൂറോയില്‍ പണമടച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ നിരന്തരം വിളിക്കുമ്പോള്‍ പല ഒഴിവുകഴിവുകളും പറയും. ഒടുവില്‍, ആ പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞെന്നും അറിയിക്കും. തുടര്‍ന്ന് മറ്റൊരു കേസ് ഇവരുടെ മുന്നില്‍ അവതരിപ്പിച്ച് തട്ടിപ്പ് നടത്തുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞദിവസം ഇവിടെ വിവാഹം രജിസ്റ്റര്‍ ചെയ്ത മണക്കാട് സ്വദേശികളും സുഹൃത്തുകളുമായ രണ്ട് യുവാക്കളാണ് തട്ടിപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആയിരംരൂപ മുടക്കി രജിസ്റ്റര്‍ ചെയ്ത യുവാക്കള്‍ക്ക് ഒരേ പെണ്‍കുട്ടിയുടെ ഫോട്ടോയും വ്യത്യസ്ത വിലാസവുമുള്ള ബയോഡേറ്റയും നല്‍കി. കഴിഞ്ഞ ദിവസം രണ്ട് സമയങ്ങളിലായാണ് ഇരുവരും ഇവിടെ പേര് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഇത് പരസ്പരം ഇവര്‍ പറഞ്ഞിരുന്നില്ല. അന്ന് വൈകുന്നേരം യാദൃച്ഛികമായി കണ്ടുമുട്ടിയപ്പോള്‍ വിവാഹാലോചനകളെപ്പറ്റിയുള്ള സംസാരത്തിനിടെയാണ് വിവാഹ ബ്യൂറോയില്‍ പേര് രജിസ്റ്റര്‍ ചെയ്തവിവരം ഇരുവരും വെളിപ്പെടുത്തിയത്. തുടര്‍ന്ന് അവിടെ നിന്ന് ഇമെയിലില്‍ കൈമാറിയ ബയോഡേറ്റകളും ഫോട്ടോയും പരസ്പരം കാണിച്ചു.

വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ട ഇവര്‍ക്ക് ഒരേ പെണ്‍കുട്ടിയുടെ ഫോട്ടോയുള്ള ബയോഡേറ്റയാണ് നല്‍കിയത്. പെണ്‍കുട്ടിയുടെ പേരിലും വിലാസത്തിലും വ്യത്യാസം വരുത്തിയ മാര്യേജ് ബ്യൂറോ ഗ്രഹനിലയിലെ ജാതി, വയസ് എന്നിവയിലും മാറ്റം വരുത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ പിതാവിന്റേതെന്ന പേരില്‍ നല്‍കിയ ഫോണ്‍ നമ്പര്‍ ഒന്നുതന്നെയായിരുന്നു. ബയോഡാറ്റയില്‍ മാത്രമാണ് വ്യത്യാസം വരുത്തിയിരുന്നത്. ബയോഡേറ്റയിലെ വ്യത്യാസവും കണ്ട് സംശയിച്ച യുവാക്കള്‍ ഫോണ്‍നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ അറ്റന്റ് ചെയ്തയാള്‍ രക്ഷിതാക്കളോട് ബന്ധപ്പെടാന്‍ ആവശ്യപ്പെട്ട് ഫോണ്‍ കട്ടാക്കി. രണ്ടാമനോട് താന്‍ ഇപ്പോള്‍ ഡ്രൈവിംഗിലാണെന്ന് പറഞ്ഞ് സംസാരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. സംഭവം തട്ടിപ്പാണെന്ന് തോന്നിയ യുവാക്കള്‍ പരാതിയുമായി കന്റോണ്‍മെന്റ് അസി.കമ്മിഷണര്‍ ബൈജുവിനെ നേരില്‍കണ്ട് കാര്യം ധരിപ്പിച്ചു. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ കന്റോണ്‍മെന്റ് അസി.കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വെളിച്ചത്തായത്.

shortlink

Post Your Comments


Back to top button