NewsBusiness

സ്റ്റോക്ക് വിറ്റഴിയ്ക്കല്‍ : നേട്ടം കൊയ്ത് ജനം : സ്‌റ്റോക്ക് വിറ്റൊഴിഞ്ഞ ആശ്വാസത്തില്‍ വാഹന ഡീലര്‍മാരും

കൊച്ചി: സംസ്ഥാനത്ത് ഇരുചക്രവാഹന വിപണിയില്‍ ഇതേവരെ കാണാത്ത സ്റ്റോക്ക് വിറ്റഴിയ്ക്കലായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നത്. ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് ബിഎസ് 4 മാനദണ്ഡത്തിന് താഴെയുള്ള വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ചതോടെ കഴിഞ്ഞ രണ്ട് ദിവസമായി തങ്ങളുടെ സ്റ്റോക്ക് വിറ്റഴിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു വാഹന ഡീലര്‍മാര്‍. ബിഎസ് 3 മാനദണ്ഡത്തിലുള്ള വാഹനങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത തരത്തിലുള്ള ഓഫറുകള്‍ നല്‍കിയാണ് പല ഡീലര്‍മാരും വാഹനങ്ങള്‍ വിറ്റത്.

സംസ്ഥാനത്തെ ഇരുചക്രവാഹന വിപണിയിലും അനവധി ഓഫറുകളാണ് ഡീലര്‍മാര്‍ നല്‍കിയത്. പല മോഡലുകള്‍ക്കും 30000 രൂപ വരെ വിലക്കിഴിവ് നല്‍കിയിരുന്നു. ഹോണ്ടയുടെ നവി സ്‌കൂട്ടര്‍ വെറും മുപ്പതിനായിരം രൂപയ്ക്ക് വിറ്റഴിച്ച ഡീലര്‍മാരുമുണ്ട്. ഹോണ്ടയുടെ ഏറ്റവുമുയര്‍ന്ന മോഡലായ സിബിആര്‍ വാങ്ങുമ്പോള്‍ നവി സ്‌കൂട്ടര്‍ ചിലര്‍ സൗജന്യമായി നല്‍കി.
മാര്‍ച്ച് 30, 31 തീയതികളില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നതെന്ന് വാഹന ഡീലര്‍മാര്‍ പറയുന്നു. ഏകദേശം പതിനയ്യായിരത്തോളം ഇരുചക്രവാഹനങ്ങളാണ് രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്ത് വിറ്റഴിച്ചത്. ശരാശരി വില്‍പ്പനയെക്കാള്‍ അഞ്ച് മടങ്ങ് വില്‍പ്പനയാണ് രണ്ട് ദിവസമുണ്ടായത്. ഡീലര്‍മാരും വാഹന നിര്‍മ്മാതാക്കളും വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചതോടെ ഷോറൂമുകളിലേക്ക് ജനപ്രവാഹമായിരുന്നു. നേരത്തെ സ്റ്റോക്ക് തീര്‍ന്നതിനാല്‍ പലര്‍ക്കും നിരാശരായി മടങ്ങേണ്ടി വന്നു.

രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്ത് സ്റ്റോക്കുണ്ടായിരുന്ന ഭൂരിഭാഗം ബിഎസ് 3 ഇരുചക്ര വാഹനങ്ങളും വിറ്റഴിച്ചതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. വാഹന വില്‍പ്പന കൂടിയതോടെ ആര്‍ടി ഓഫീസുകളിലും തിരക്ക് വര്‍ദ്ധിച്ചു. താത്ക്കാലിക രജിസ്‌ട്രേഷനായി രണ്ട് ദിവസത്തിനകം ഒട്ടേറെ അപേക്ഷകളാണ് ആര്‍ടി ഓഫീസുകളില്‍ ലഭിച്ചത്. കാറുകള്‍ക്കും ഓഫറുകളുണ്ടോ എന്നറിയാല്‍ ചിലര്‍ കാര്‍ ഷോറൂമുകളിലെത്തിയെങ്കിലും, ഓഫറുകളില്ലെന്നായിരുന്നു മറുപടി. മിക്ക കാര്‍ നിര്‍മ്മാതാക്കളും നേരത്തെ തന്നെ തങ്ങളുടെ മോഡലുകളില്‍ ബിഎസ് 4,ബിഎസ് 5 മാനദണ്ഡം ഏര്‍പ്പെടുത്തിയിരുന്നു.

രാജ്യത്ത് വാഹനങ്ങളില്‍ നിന്നുള്ള പുകമലിനീകരണം നിയന്ത്രിക്കുന്നതായി ഏര്‍പ്പെടുത്തിയ മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പിലാക്കിയ ഭാരത് സ്റ്റേജ് (ബിഎസ്) മാനദണ്ഡത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ബിഎസ് 4 ശ്രേണിയില്‍പ്പെട്ട വാഹനങ്ങള്‍ മാത്രമേ ഇനി രാജ്യത്ത് വില്‍ക്കാനാകുവെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഏപ്രില്‍ ഒന്നു മുതല്‍ വിധി പ്രാബല്യത്തില്‍ വരികയും ചെയ്തു. വിദേശ രാജ്യങ്ങളിലെ യൂറോ സ്റ്റാന്‍ഡേര്‍ഡ് അടിസ്ഥാനമാക്കിയാണ് ഭാരത് സ്റ്റേജ് നടപ്പിലാക്കിയത്. 2000ലാണ് രാജ്യത്ത് ആദ്യമായി ഇത് നടപ്പിലാക്കിയത്.

shortlink

Post Your Comments


Back to top button