ന്യൂഡൽഹി: കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്.കർണന് കോടതിയുടെ വിമർശനം. കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതിക്കു മുന്നിൽ ഹാജരായ കർണൻ അനുസരണക്കേടു കാട്ടിയെന്ന് കോടതി പറഞ്ഞു. നോട്ടിസ് അയച്ചിട്ടും ഹാജരാകാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. ഒന്നുകിൽ മാപ്പു പറയാം അല്ലെങ്കിൽ കേസുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ജസ്റ്റിസ് കർണൻ ചെയ്യുന്നതെന്താണെന്ന് അദ്ദേഹത്തിന് അറിയാം. അതിനാൽ അച്ചടക്കലംഘനമെന്ന ചോദ്യംതന്നെ ഇവിടെയുദിക്കുന്നില്ലെന്നില്ലെന്നും അറ്റോർണി ജനറൽ കോടതിയിൽ നിലപാടെടുത്തു. എന്നാൽ കർണന്റെ മാനസിക നില ശരിയല്ലെന്നുള്ളത് വ്യക്തമാണെന്നും അദ്ദേഹം പറയുന്നതെന്താണെന്ന് അദ്ദേഹത്തിന് ധാരണയില്ലെന്നും കോടതി എജിക്കു മറുപടി നൽകി.
നാലാഴ്ചയ്ക്കുള്ളിൽ ജഡ്ജിമാർക്കെതിരായ ആരോപണങ്ങൾ എഴുതി നൽകണമെന്ന് കോടതി നിർദേശിച്ചു. തന്നെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ തനിക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെ പോകാൻ സാധിക്കില്ലെന്നും കർണൻ കോടതിയെ അറിയിച്ചു.
പക്ഷേ അതിനു കോടതി തയാറായില്ല. തന്റെ ജോലി തിരികെ ലഭിക്കുന്നതുവരെ കോടതിയിൽ ഹാജരാകില്ലെന്നും അതിനായി ജയിലിൽ പോകുന്നതിനും തയാറാണെന്നും കർണ്ണൻ പറഞ്ഞു. ജുഡീഷ്യറിക്കെതിരായല്ല തന്റെ പോരാട്ടം മറിച്ച് മദ്രാസ് ഹൈക്കോടതിയിൽ നിലനിൽക്കുന്ന അഴിമതിക്കെതിരായാണെന്നും തന്റെ ആരോപണങ്ങൾ തെളിയിക്കാൻ കഴിയുമെന്നും കർണൻ കോടതിയെ അറിയിച്ചു.
Post Your Comments