കൽപറ്റ: മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ് ബുക്കിലൂടെ വിമർശിച്ചെന്ന കേസിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തതത് നിയമ വിരുദ്ധമായി എന്നാരോപണം.അദ്ധ്യാപകനും സെറ്റോ വയനാട് ജില്ലാ കൺവീനറുമായ ഷാജു ജോണിനെ പോസ്റ്റ് ലൈക് ഇട്ടതിനും പോസ്റ്റ് ഷെയർ ചെയ്ത കുറ്റത്തിനുമാണ് സസ്‌പെൻഡ് ചെയ്തത്.ഐ ടി നിയമത്തിലെ വിവാദ വകുപ്പായ 66(എ) നേരത്തെ സുപ്രീംകോടതി റദ്ദാക്കിയിരുന്നതിനാൽ ഫേസ് ബുക്കിലെ അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടെന്നാണ് വിലയിരുത്തൽ.സർക്കാർ ഉദ്യോഗസ്ഥർ സർക്കാർ നയങ്ങളെ സോഷ്യൽ മീഡിയയിൽ വിമർശിക്കരുതെന്ന് ഉത്തരവിട്ടിട്ടുണ്ടായിരുന്നു.
ആ സാഹചര്യത്തിൽ സിപിഎമ്മിനെയോ മുഖ്യമന്ത്രിയെയോ മറ്റു മന്ത്രിമാരെയോ വിമർശിക്കുന്നതിനെതിരെയെല്ലാം വ്യാപകമായ പരാതി പൊലീസ് സ്‌റ്റേഷനിലെത്തുകയാണ്. രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ട പതിനേഴുകാരനെ അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ തന്നെ സസ്‌പെന്റ് ചെയ്ത നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് അദ്ധ്യാപകൻ കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് പരാതി നൽകി. യു.ഡി.എഫ്. അനുകൂല അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറിയാണ് ഷാജു.അതേ സമയം താൻ സ്വന്തമായി ഒരു പോസ്റ്റും ഇട്ടിട്ടില്ലെന്നും ലൈക്ക് ചെയ്തു , ഷെയർ ചെയ്തു എന്ന് ആരോപിച്ചു കൊണ്ടാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നും അദ്ധ്യാപകൻ പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിനെതിരെ ആദ്യം വകുപ്പ് തല അന്വേഷണം ഉണ്ടാവുകയും പിന്നീട് അധ്യാപകനെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.പ്രാദേശിക സി.പി.എം. നേതൃത്വം ഇതുസംബന്ധിച്ചു മന്ത്രിമാർക്കും പൊലീസിനും പരാതി നൽകിയിരുന്നു. പരാതി പരിശോധിച്ച പൊലീസ്, വകുപ്പുതല നടപടിക്കായി ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറുകയും ഡി.പി.ഐ. അധ്യാപകനെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.മനഃപൂർവമായി യാതൊന്നും ചെയ്തിട്ടില്ലെന്നാണ് അദ്ധ്യാപകൻ വിശദീകരണം നൽകിയതെന്നും അദ്ദേഹം സ്‌കൂളിലെ മികച്ച അദ്ധ്യാപകനാണെന്നും ഇതുവരെ ഒരു ആക്ഷേപവും ഉണ്ടായിട്ടില്ലെന്നും ഡി.ഡി.ഇയ്ക്ക് നൽകിയ റിപ്പോർട്ടിൽ പ്രധാനാധ്യാപിക സൂചിപ്പിച്ചിട്ടുണ്ട്.അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തത് ഇതിനോടകം വിവാദമായിക്കഴിഞ്ഞു .
Post Your Comments