മുംബൈ: ഇൗജിപ്തില്‍നിന്ന് അമിത ശരീരഭാരവുമായി ചികിത്സക്ക് മുംബൈയിലെത്തിയ ഇമാന്‍ അഹമ്മദിന്റെ അമിതവണ്ണം ജനിതക തകരാർ മൂലമാണെന്ന് ഡോക്ടർമാർ. ആശുപത്രിയിലെത്തിയപ്പോൾ ഇമാന് 498 കിലോയായിരുന്നു ഭാരം. ഇപ്പോൾ 340 കിലോയായി കുറഞ്ഞിട്ടുണ്ടെങ്കിലും ജനിതക തകരാർ ഉള്ളതിനാൽ വീണ്ടും ഭാരം കൂടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും അതിനനുസരിച്ചുള്ള ചികിത്സയാണ് ഇമാന് ഇനി ആവശ്യമെന്നും ശസ്ത്രക്രിയയുടെ മുഖ്യ കണ്‍സള്‍ട്ടന്‍റായ ഡോ. മുഫസല്‍ ലക്ഡവാല പറഞ്ഞു.
അമിതവണ്ണം മൂലം 25 വര്‍ഷമായി കെയ്‌റോയിലെ വീട്ടില്‍നിന്ന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലായിരുന്നു ഇമാന്‍ അഹമ്മദ് എന്ന മുപ്പത്താറുകാരി. പ്രമേഹം, ആസ്തമ, രക്തസമ്മര്‍ദ്ദം, വിഷാദരോഗം തുടങ്ങിയവയും ഇവരെ അലട്ടുന്നുണ്ട്. മുംബൈയിലെ സെയ്ഫീ ആശുപത്രിയില്‍ കഴിഞ്ഞമാസമാണ് ഇമാനെ പ്രവേശിപ്പിച്ചത്. ഡോ. മുഫസ്സല്‍ ലക്ഡാവാലയുടെ നേതൃത്വത്തില്‍ ഒരു സംഘം ഡോക്ടര്‍മാരാണ് ചികിത്സിക്കുന്നത്. ഭക്ഷണ നിയന്ത്രണത്തിനു പുറമെ ഫിസിയോ തെറാപ്പിയും ചെയ്യുന്നുണ്ട്.
Post Your Comments