NewsGulf

യുഎഇ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് വിസ; ഇന്ത്യ-യുഎഇ നയതന്ത്രബന്ധത്തില്‍ നാഴികക്കല്ല്, ഓണ്‍ അറൈവല്‍ വിസ കിട്ടുന്നത് ഇക്കൂട്ടര്‍ക്ക്

ദുബായി: യുഎഇ എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങുമ്പോള്‍ വിസ അടിക്കുന്ന വിസ ഓണ്‍ അറൈവല്‍ സംവിധാനത്തിന്റെ ആനുകൂല്യം ഇന്ത്യക്കാര്‍ക്ക് കൂടി അനുമതി നല്‍കാന്‍ യുഎഇ ക്യാബിനറ്റ് തീരുമാനിച്ചു. 14 ദിവസത്തേക്ക് ഈ ഓണ്‍ അറൈവല്‍ വിസയില്‍ രാജ്യത്ത് തങ്ങാം.

അതേസമയം, ഈ ആനുകൂല്യം എല്ലാ ഇന്ത്യക്കാര്‍ക്കും ഉണ്ടാകില്ല. അമേരിക്കന്‍ വിസയുള്ള ഇന്ത്യക്കാര്‍, അമേരിക്കന്‍ ഗ്രീന്‍കാര്‍ഡുള്ള ഇന്ത്യക്കാര്‍ എന്നിവര്‍ക്കാകും ഓണ്‍ അറൈവല്‍ വിസ സൗകര്യം.

യുഎഇ – ഇന്ത്യ നയതന്ത്രബന്ധം ശക്തമാകുന്നതിന്റെ ഭാഗമായാണ് ഈ ഓണ്‍ അറൈവല്‍ വിസ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ, സാമ്പത്തിക- വാണിജ്യ രംഗത്ത് അടുത്തിടെയായി ശക്തമായ ബന്ധം രൂപപ്പെട്ടുവരുകയാണ്. വിനോദസഞ്ചാര, സാമ്പത്തിക മേഖലയില്‍ പുതിയ ഹബാകുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് പുതിയ വിസ നിര്‍ദേശങ്ങള്‍.

പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആറുമാസ കാലാവധിയുള്ള അമേരിക്കന്‍ വിസയുള്ള ഇന്ത്യക്കാര്‍ക്കും ഗ്രീന്‍കാര്‍ഡുള്ള ഇന്ത്യക്കാര്‍ക്കും മുന്‍കൂര്‍ വിസയില്ലാതെ യഎഇ എയര്‍പോര്‍ട്ടില്‍ ഇറങ്ങാനാകും. 14 ദിവസമായിരിക്കും ഈ ഓണ്‍ അറൈവല്‍ വിസയുടെ കാലാവധി. എന്നാല്‍ 14 ദിവസത്തേക്ക് ഒരു തവണ കൂടി നീട്ടിയെടുക്കാനുമാകും.

വാണിജ്യരംഗത്ത് ഇന്ത്യയാണ് യുഎഇയുടെ ഏറ്റവും വലിയ രണ്ടാമത്തെ സഖ്യകക്ഷി. 60 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വാര്‍ഷിക വാണിജ്യമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ 27 ബില്യണ്‍ ഡോളറിനുള്ള കയറ്റുമതി യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് നടക്കുമ്പോള്‍ ഇന്ത്യ, യുഎഇയിലേക്ക് കയറ്റിയയക്കുന്നത് 33 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഉത്പന്നങ്ങളാണ്.

ഇന്ത്യ 70 ബില്യണ്‍ ഡോളറിനുള്ള നിക്ഷേപം യുഎഇയിലുള്ള വിവിധ ഇന്ത്യന്‍ കമ്പനികളിലായി നടത്തിയിട്ടുണ്ട്. അതേസമയം, വിവിധ മേഖലകളിലായി ഏകദേശം 10 ബില്യണ്‍ ഡോളറിനുള്ള നിക്ഷേപം യുഎഇ ഇന്ത്യയില്‍ നടത്തിയിട്ടുണ്ട്. കൂടാതെ വിവിധ യുഎഇ കമ്പനികള്‍ക്ക് നിക്ഷേപമുള്ള സംയുക്തപദ്ധതികള്‍ ഏറെയുണ്ട് ഇന്ത്യയില്‍. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, അബുദാബി നാഷണല്‍ എനര്‍ജി കമ്പനി, എമ്മാര്‍, ഡിപി വേള്‍ഡ് തുടങ്ങിയ കമ്പനികള്‍ ഇതില്‍ ചിലതാണ്.

ഇരുരാജ്യങ്ങള്‍ക്കുമിടിയില്‍ ഇപ്പോള്‍ ദിവസേന 143 വിമാന സര്‍വീസുകളാണുള്ളത്. ഓരോ പത്തുമിനിറ്റുകളില്‍ ഒന്നെന്ന കണക്കിലാണ് ഇത്. ആഴ്ചയില്‍ ആയിരം സര്‍വീസുകള്‍. കഴിഞ്ഞവര്‍ഷം യുഎഇയിലെത്തിയ ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണം പതിനാറ് ലക്ഷമായിരുന്നു. ഇന്ത്യയില്‍ ഈ സമയത്ത് അമ്പതിനായിരം യുഎഇക്കാര്‍ സന്ദര്‍ശനത്തിനെത്തിയെന്നും കണക്കാക്കപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button