തിരുവനന്തപുരം: കെ. എസ്. ആര്. ടി. സി പുതിയ മിന്നല്സര്വീസ് തുടങ്ങുന്നു. ട്രെയിനിനെക്കാള്‍ വേഗത്തില്‍ ലക്ഷ്യ സ്ഥാനത്തെത്തുന്ന സര്‍വീസുകളാണ് ‘ മിന്നല്‍ ‘ എന്ന പേരില്‍ അവതരിപ്പിക്കുന്നത്. പ്രമുഖ നഗരങ്ങള്‍ക്കിടയില്‍ രാത്രി കാലത്തായിരിക്കും സര്‍വീസ് നടത്തുക.മിന്നല്‍ സര്‍വീസിന് അധിക നിരക്ക് ഈടാക്കില്ല. സാധാരണയെക്കാള്‍ വേഗത കൂടുമെന്നു മാത്രം.
എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് മൂന്നര മണിക്കൂര്‍ കൊണ്ട് എത്താനാണ് ലക്ഷ്യമിടുന്നത്. ആലപ്പുഴ~ കൊല്ലം ലിമിറ്റഡ് സ്റ്റോപ്പ് ബസും വരും. പുതുതായി 205 ബസുകള്‍ കെ. എസ്. ആര്. ടി. സി വാങ്ങുന്നുണ്ട്. പ്രധാനമായി ഇവ ആയിരിക്കും മിന്നല്‍ സര്‍വീസിന് ഉപയോഗിക്കുക.വിവിധ വിഭാഗങ്ങളില്‍പെട്ട മിന്നല്‍ സര്‍വീസുകളാണ് നിരത്തിലിറക്കുന്നത്.
ഇതില്‍ ‘ മിന്നല്‍ ഫാസ്റ്റ്പാസഞ്ചര്‍ ‘ ഹ്രസ്വ ദൂര സര്‍വീസ് നടത്തും. മിന്നല്‍ സൂപ്പര്ഡീലക്സുംമിന്നല് സൂപ്പര്‍ എക്സ്പ്രസും ദീര്‍ഘ ദൂര സര്‍വീസിന് ഉപയോഗിക്കും. മിന്നല്‍ സര്‍വീസുകള്‍ക്ക് എയര്‍ സസ്പെന്ഷന് ഉണ്ടാകും. പുഷ് ബാക്ക് സീറ്റും ഇവയുടെ പ്രത്യേകതയാണ്. സുഖകരമായ രാത്രി യാത്രയ്ക്കു വേണ്ടിയാണിത്.
എല്ലാ മിന്നല്‍ സര്‍വീസിനും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും.
ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ ഡീലക്സ് വിഭാഗത്തില്‍ പെട്ട മറ്റു ബസുകളില്‍നിന്നും നിരക്കിന് യാതൊരു വ്യത്യാസവും ഇതിനു വേണ്ട എന്നാണ് ഇപ്പോഴത്തെ തീരുമാനം. കെ. എസ്. ആര്. ടി. സി വാങ്ങിയ പുതിയ ബസുകളുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. ഇതു കഴിയുന്നതോടെ അടുത്ത ഒരു മാസക്കാലയളവിനുള്ളില്‍ മിന്നല്‍ സര്‍വീസുകള്‍ ആരംഭിക്കാന്കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
പുതിയ സംവിധാനത്തോട് കെ. എസ്. ആര്. ടി. സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് എതിര്‍പ്പുണ്ട്. ഡ്രൈവര്‍മാര്‍ക്ക് ഈ ബസുകളുടെ അമിത വേഗം കൂടുതല്‍ സമ്മര്‍ദ്ദം നല്‍കും എന്നാണ് അവരുടെ വാദം. അപകടങ്ങള്‍ കൂട്ടാനും ഇത് ഇടയാക്കുമെന്നാണ് അവരുടെ ആശങ്ക.
Post Your Comments