തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സഹായമേകാന്‍ ടോള്‍ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറായ മിത്ര 181 തിങ്കളാഴ്ച സംസ്ഥാനത്ത് നിലവില്‍ വരും. വൈകിട്ട് നാലിന് തിരുവനന്തപുരത്ത് കോ ബാങ്ക് ടവറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വനിതാവികസന കോര്‍പ്പറേഷനാണ് മിത്ര 181 ന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
രാജ്യമെമ്പാടും ഒരേ നമ്പരില്‍ സ്ത്രീ സുരക്ഷാ സഹായം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി സംസ്ഥാനത്തും നടപ്പാക്കുന്നതെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
സംസ്ഥാനത്ത് എവിടെനിന്നും മിത്ര 181 ലേക്ക് ലാന്‍ഡ് ലൈനില്‍ നിന്നോ, മൊബൈലില്‍ നിന്നോ വിളിക്കാം. ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലാണ് സഹായകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പരിശീലനം നേടിയവരുടെ സേവനം 24 മണിക്കൂറും ലഭിക്കും. സഹായം ആവശ്യപ്പെട്ടുള്ള സന്ദേശം അതാത് ജില്ലകളിലെ പൊലീസിനും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും കൈമാറും. പരാതിക്കാരുമായി അവര്‍ ഉടന്‍ ബന്ധപ്പെടും. ആശുപത്രികള്‍, ആംബുലന്‍സുകള്‍ എന്നിവയുടെ സേവനവും ലഭ്യമാക്കും. ഓരോ പരാതിയിലും എന്ത് നടപടി സ്വീകരിച്ചുവെന്ന് നിരീക്ഷിക്കാന്‍ സംസ്ഥാനതലത്തിലും സംവിധാനമുണ്ട്. മിത്ര 181ന്റെ ഭാഗമായി വൈകാതെ എല്ലാ ജില്ലകളിലും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ആരംഭിക്കുകയും നടപടികളുടെ ഏകോപന ചുമതല അവരെ ഏല്‍പിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു
കേന്ദ്രവിഹിതമായ 35 ലക്ഷം അടക്കം 70 ലക്ഷമാണ് പദ്ധതിക്കായി ആദ്യഘട്ടത്തില്‍ ചെലവിടുന്നത്. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് രണ്ടുവര്‍ഷം നീളുന്ന ബോധവത്കരണ കാമ്പെയിനും നടത്തും. തദ്ദേശ, വിദ്യാഭ്യാസ വകുപ്പുകള്‍, സ്ത്രീസംഘടനകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവരുമായി സഹകരിച്ച് വീടുവീടാന്തരം പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വേനല്‍ അവധിക്ക് ശേഷം അധ്യാപക രക്ഷാകര്‍ത്തൃ സംഘടനകള്‍, സ്‌കൂള്‍ അംബ്ലികള്‍, ലഹരിവിരുദ്ധ ക്ലബുകള്‍ എന്നിവയുടെ സഹായത്തോടെയും ബോധവത്കരണ പരിപാടികള്‍ നടത്തും. ജില്ലകളിലെ ഷെല്‍ട്ടര്‍ ഹോമുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments