IndiaNews

ദാവൂദ് ഇബ്രാഹിമിനെ കുരുക്കാന്‍ കേന്ദ്രം : ഇതിനായി ഇന്ത്യയുടെ ബുദ്ധികേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങി : ദാവൂദിനെ കുരുക്കാന്‍ യു.എ.ഇയുടെ ശക്തമായ സഹായവും

ന്യൂഡല്‍ഹി : അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനെ കുരുക്കാന്‍ കേന്ദ്രം ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചു. യു.എ.ഇയുടെ സഹായത്തോടെയാണ് മോദി സര്‍ക്കാര്‍ നീക്കം ശക്തമാക്കിയിരിയ്ക്കുന്നത്. ഇതിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചു. ഇതുവഴി ദാവൂദിന്റെ യു.എ.ഇയിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് പുതിയ നീക്കം.

.ദുബായില്‍ ദാവൂദിന് നിരവധി വസ്തുവകകളും പല ബിസിനസ് താല്‍പര്യങ്ങളും ഉള്ളതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ യു.എ.ഇയ്ക്കു കൈമാറുകയും ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ 2015-ല്‍ യു.എ.ഇ സന്ദര്‍ശിച്ച് ദാവൂവിന്റെ വസ്തുവകകളുടെ പട്ടിക കൈമാറുകയും ഇതു കണ്ടുകെട്ടാനുള്ള അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യു.എ.ഇ സ്വതന്ത്ര അന്വേഷണം നടത്തുകയും ഇന്ത്യന്‍ റിപ്പോര്‍ട്ട് ശരിയാണെന്നു കണ്ടെത്തുകയും ചെയ്തുവെന്നാണ് വാര്‍ത്തകള്‍.

കേസെടുത്തതിനു ശേഷം ഇതിന്റെ അടിസ്ഥാനത്തില്‍ ദുബായിലെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ യു.എ.ഇയോട് ഔദ്യോഗികമായി ആവശ്യപ്പെടാനാണു പുതിയ നീക്കം. യു.എ.ഇ സര്‍ക്കാര്‍ ഇത് അംഗീകരിച്ചാല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടി ലേലം ചെയ്യാനാകും. ദാവൂദിന്റെ സഹോദരനായ അനിസ് ഇബ്രാഹിമിന്റെ ഉടമസ്ഥതയില്‍ ദുബായിയില്‍ നടത്തുന്ന കമ്പനിയെക്കുറിച്ചും അന്വേഷണം നടത്തിയിരുന്നു. നിരവധി ഹോട്ടലുകള്‍ ഉള്‍പ്പെടെ പത്തു രാജ്യങ്ങളിലായി കോടിക്കണക്കിനു രൂപ മൂല്യമുള്ള അമ്പതോളം വസ്തുവകകള്‍ ദാവൂദിനുണ്ടെന്നാണ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്. മൊറോക്കോ, സ്പെയിന്‍, യു.എ.ഇ, സിംഗപ്പുര്‍, തായ്ലന്‍ഡ്, സൈപ്രസ്, തുര്‍ക്കി, ഇന്ത്യ, പാക്കിസ്ഥാന്‍, യു.കെ എന്നിവിടങ്ങളിലെ ദാവൂദിന്റെ സ്വത്തുക്കളെക്കുറിച്ചാണ് ഇന്ത്യ പ്രധാനമായും അന്വേഷണം നടത്തിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button