KeralaNews

അഞ്ചുദിവസം തുടര്‍ച്ചയായി ഉറങ്ങാന്‍ കഴിയുന്ന ഒരു അത്ഭുത ബാലികയെ പരിചയപ്പെടാം

സ്ലീപ്പിംഗ് ബ്യൂട്ടി (ഉറങ്ങുന്ന സുന്ദരി) എന്ന ക്ലാസിക് ഇഷ്ടപ്പെടാത്തവര്‍ ചുരുക്കം. വര്‍ഷങ്ങളോളം ഉറങ്ങിയ ആ രാജകുമാരിയുടെ കഥ അനുസ്മരിപ്പിക്കുന്നതാണ് ഒരു കൊച്ചുരാജകുമാരിയുടെ ജീവിതകഥ. തുടര്‍ച്ചയായി അഞ്ചുദിവസം ഉറങ്ങുന്ന അത്ഭുത ബാലികയാണ് ഡോക്ടര്‍മാരെ അതിശയിപ്പിച്ചത്.

സംഭവം കൊച്ചിയിലാണ്. നാലു വയസുകാരി ലിയ ആണ് ഈ ഉറങ്ങുന്ന കൊച്ചുസുന്ദരി. ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അവളിപ്പോള്‍. ക്ലെയിന്‍ ലെവിന്‍ സിന്‍ഡ്രോം എന്ന പേരാണ് ഈ ഉറക്കരോഗത്തിന് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. സ്ലീപ്പിംഗ് ബ്യൂട്ടി സിന്‍ഡ്രോം എന്നും ഇതിനെ ഓമനപ്പേരിട്ട് വിളിക്കുന്നു. ഈ രോഗം ബാധിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞയാളാണ് ലിയ എന്ന മലയാളി ബാലിക. ദശലക്ഷം പേരില്‍ ഒന്നോ രണ്ടോ പേര്‍ക്കാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു ന്യൂറോളജി അസുഖം.

ലിയയുടെ മാതാപിതാക്കള്‍ക്ക് വിവാഹത്തിന് ശേഷം ആറുവര്‍ഷം കാത്തിരുന്ന് പിറന്നതാണ് കുട്ടി. കൃത്രിമഗര്‍ഭധാരണ ചികിത്സയ്‌ക്കൊടുവിലാണ് മാതാവ് ഗര്‍ഭം ധരിച്ചത്. സാധാരണപോലെയായിരുന്നു അവളുടെ വളര്‍ച്ചയെല്ലാം. പക്ഷെ മൂന്നുവയസുമുതലാണ് അവള്‍ സംസാരിക്കാന്‍ തുടങ്ങിയത്. അത് വലിയ കാര്യമാക്കേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. പിന്നീട് കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഉറക്കപ്രശ്‌നം അവളില്‍ ആരംഭിച്ചത്. ഒരു ദിവസം പെട്ടെന്ന് ഒരു കാരണവുമില്ലാതെ കരയാന്‍ തുടങ്ങിയ കുട്ടി ഭയപ്പെടുന്നതുപോലെയും കാണിച്ചു. തുടര്‍ന്ന് ഉറക്കത്തിലേക്ക് വഴുതി വീണ കുട്ടി 24 മണിക്കൂറിലധികമാണ് ഉറങ്ങിയത്.

പിന്നീട് ഈ കാരണമൊന്നുമില്ലാത്ത ഉറക്കം അഞ്ചുദിവസം വരെ നീണ്ടു. ഇങ്ങനെ നാലു മാസത്തിനിടെ തുടര്‍ച്ചയായി അഞ്ചുദിവസം ഉറങ്ങിയത് എട്ടു തവണയാണ്. ഈ ഉറക്കപ്രശ്‌നം തുടങ്ങിയപ്പോള്‍ മുതല്‍ മാതാപിതാക്കള്‍ പല ആശുപത്രികളിലും കൊണ്ടുപോയെങ്കിലും രോഗം തിരിച്ചറിയാനോ ചികിത്സയ്‌ക്കോ കഴിഞ്ഞില്ല. ഒടുവിലാണ് ആസ്റ്റര്‍ മെഡിസിറ്റിയിലെത്തിയത്. ഇവിടെ പീഡിയട്രിക് ന്യൂറോളജിസ്റ്റ് ആയ ഡോ. അക്ബര്‍ മുഹമ്മദ് ചേത്താലിയുടെ നേതൃത്വലുള്ള ഡോക്ടര്‍മാര്‍ നടത്തിയ വിദഗ്ധ നിരീക്ഷണത്തിലും പരിശോധനകളിലുമാണ് കുട്ടിയ്ക്ക് ക്ലെയിന്‍ ലെവിന്‍ സിന്‍ഡ്രോം ആണെന്ന് തിരിച്ചറിഞ്ഞത്.

സ്ലീപ്പിംഗ് ബ്യൂട്ടി (ഉറങ്ങുന്ന സുന്ദരി) എന്നാണ് വിളിപ്പേരെങ്കിലും ഈ രോഗം പുരുഷന്‍മാരിലാണ് കൂടുതലായി കണ്ടുവരാറുള്ളതെന്ന് ഡോ. അക്ബര്‍ പറഞ്ഞു. കൗമാരം കടക്കുന്നതോടെയാണ് രോഗം സാധാരണ പ്രത്യക്ഷപ്പെടാറുള്ളതും.

എന്നാല്‍ ലിയയുടെ കാര്യത്തില്‍ ഇതെല്ലാം തെറ്റി. മനശാസ്ത്രവിദഗ്ധരുടെ സേവനം കൂടി ഉപയോഗപ്പെടുത്തിയാണ് ലിയയുടെ ചികിത്സയെന്ന് അദ്ദേഹം പറഞ്ഞു. ഇതിനകം തന്നെ കുട്ടിയ്ക്ക് പ്രകടമായ മാറ്റം കണ്ടുതുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. കുട്ടി പൂര്‍ണമായും രോഗവിമുക്തി നേടുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായും ഡോക്ടര്‍മാര്‍ക്ക് നന്ദി പറയുന്നതായും ലിയയുടെ പിതാവ് ഡെന്നി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button