NewsIndia

25 കിലോ മയക്കുമരുന്ന് എലികൊണ്ടുപോയി; മദ്യം ബാഷ്പീകരിച്ചും പോയി- പോലീസിന്റെ സത്യസന്ധമായ വിശദീകരണം

എലികള്‍ 25 കിലോ മയക്കുമരുന്ന് തിന്നു തീര്‍ക്കുമോ. തീര്‍ക്കുമെന്നാണ് നാഗ്പൂര്‍ റെയില്‍വേ പോലീസ് പറയുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള റെയില്‍വേസ്റ്റേഷനുകളിലൊന്നാണ് നാഗ്പൂര്‍ സ്റ്റേഷന്‍. ഇവിടെയാണ് എലിയുടെ ഈ വിളയാട്ടമെന്നാണ് റെയില്‍വേ പോലീസ് പറയുന്നത്. മയക്കുമരുന്നുമാത്രമല്ല ഇവിടെ പിടിച്ചെടുത്ത് ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മദ്യം വന്‍തോതില്‍ വായുവില്‍ ബാഷ്പീകരിച്ചുപോയെന്നും പോലീസ് ‘സത്യസന്ധമായി’ വിശദീകരിക്കുന്നു.

മദ്യം നശിച്ചതിനു പിന്നിലും എലിയാണെന്നാണ് വിശദീകരണം. മദ്യക്കുപ്പികള്‍ എലി കടിച്ചുനശിപ്പിച്ചതിനാല്‍ മദ്യം വായുവുമായി സമ്പര്‍ക്കത്തിലാകുകയും ബാഷ്പീകരിച്ചുപോകുകയും ചെയ്തത്രേ.

റെയില്‍വേ പോലീസ് പിടിച്ചെടുത്ത മയക്കുമരുന്നും മദ്യവും കാണാതായതിനെക്കുറിച്ച് സീനിയര്‍ റെയില്‍വേ പോലീസ് ഇന്‍സ്‌പെക്ടര്‍ അഭയ് പനേഖര്‍ ആണ് എലികളെക്കുറിച്ച് കുറ്റപ്പെടുത്തി വിശദീകരണം നല്‍കിയത്. അഞ്ചുവര്‍ഷം മുന്‍പ് പലരില്‍ നിന്ന് പിടിച്ചെടുത്ത് റെയില്‍വേ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മദ്യവും മയക്കുമരുന്നും കാണാതായതിനെക്കുറിച്ചായിരുന്നു അന്വേഷണം. പിടിച്ചെടുത്ത വസ്തുക്കള്‍ സൂക്ഷിക്കാന്‍ സൗകര്യങ്ങള്‍ ഗോഡൗണില്‍ കുറവാണ്. അതിനാല്‍ ഇവയെല്ലാംതന്നെ തറയിലാണ് സൂക്ഷിച്ചത്. എലികള്‍ കൊണ്ടുപോയതാകും മയക്കുമരുന്ന്. മദ്യത്തിന്റെ ബോട്ടിലുകള്‍ എലികള്‍ കരണ്ടതിനാല്‍ മദ്യവും നശിച്ചുപോയിക്കാണും – ഇങ്ങനെയായിരുന്നു ഇന്‍സ്‌പെക്ടറുടെ വിശദീകരണം.

ഏതായാലും എലികളെ പിടികൂടി കേസെടുക്കുക പ്രായോഗികമല്ലാത്തതിനാല്‍ ഇനിമുതല്‍ ഗോഡൗണില്‍ സിസി ടിവി സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പോലീസ് സൂപ്രണ്ട്. മദ്യവും മയക്കുമരുന്നും ലക്ഷ്യമിട്ടെത്തുന്ന ‘എലികളെ’ സിസി ടിവി കുടുക്കുമോ എന്ന് കണ്ടറിയാം.

shortlink

Post Your Comments


Back to top button