ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ക്ക് വിമാനങ്ങളില്‍ വിലക്ക് : യാത്രക്കാര്‍ക്ക് ആശയകുഴപ്പം : അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വ്യോമയാന വകുപ്പ്
ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വിവിധയിടങ്ങളില്‍ നിന്ന് എത്തുന്ന വിമാനയാത്രക്കാര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം കൊണ്ടുവരുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വ്യോമയാന വകുപ്പ്. ദുബായ്, അബുദാബി, ജിദ്ദ, റിയാദ്, ദോഹ, കുവൈത്ത് സിറ്റി അടക്കമുള്ള സ്ഥലങ്ങള്‍ക്കാണ് നിരോധനം ബാധകമാക്കിയിരിക്കുന്നത്.
എന്നാല്‍, ഇതു സംബന്ധിച്ച് രാജ്യത്തെ വ്യോമയാന വകുപ്പിന് നിര്‍ദേശങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. അമേരിക്കന്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷമേ ഇതു സംബന്ധി്ച്ച എന്തെങ്കിലും തീരുമാനമെടുക്കുകയുള്ളുവെന്നും ഡിജിസിഎ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് പോകുന്ന പല വിമാനങ്ങളും, വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് പല ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ചൊവാഴ്ച മുതല്‍ വിലക്ക് നിലവില്‍ വന്നു. യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണുകളും അംഗീകൃത മെഡിക്കല്‍ ഉപകരണങ്ങളും കൈയില്‍ കരുതാമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. വിമാനങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണു വിലക്കെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഇസ്ലാമിക രാജ്യങ്ങള്‍ക്കെതിരേ യാത്രാവിലക്ക് ഏര്‍പ്പെടുത്തി നടപടി വിവാദമായതിനു തൊട്ടുപിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ ഇലക്ട്രോണിക്ക് വിലക്ക്.
Post Your Comments