ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ നേടിയ ചരിത്രവിജയം ബിജെപിക്ക് സമ്മാനിക്കുന്നത് നിരവധി റെക്കോര്‍ഡുകള്‍ കൂടി. ഒരു സംസ്ഥാന നിയമസഭയില്‍ ഏറ്റവും കൂടുതല്‍ വനിതാ അംഗങ്ങള്‍ എന്ന റിക്കോര്‍ഡ് കഴിഞ്ഞദിവസം കഴിഞ്ഞദിവസം സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയുടെ ചരിത്രത്തിലെ തന്നെ മറ്റൊരു സുവര്‍ണനേട്ടത്തിന്റെ വാര്‍ത്തയും എത്തിയിരിക്കുന്നത്.
കാല്‍ നൂറ്റാണ്ടിനിടെ ഇന്ത്യയില്‍ ഒരു പാര്‍ട്ടി നേടുന്ന ഏറ്റവും അധികം എംഎല്‍എമാര്‍ എന്ന നേട്ടമാണ് ബിജെപി സ്വന്തമാക്കിയിരിക്കുന്നത്. ബിജെപി ഉത്തര്‍പ്രദേശില്‍ നാലില്‍ മൂന്നു ഭൂരിപക്ഷം നേടിയതോടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ബിജെപിക്ക് 1382 എംഎല്‍എമാരായി. 1993 നുശേഷം ഒരു പാര്‍ട്ടി നേടുന്ന ഏറ്റവും അധികം എംഎല്‍എമാരാണ് ഇപ്പോള്‍ ബിജെപിക്കുള്ളത്.
1993 -ല്‍ കോണ്‍ഗ്രസിന് രാജ്യത്താകമാനമായി 1501 എംഎല്‍എമാരുണ്ടായിരുന്നു. അതിനുശേഷം ഒരു പാര്‍ട്ടി നേടുന്ന ഏറ്റവും അധികം എംഎല്‍എമാരാണ് ബിജെപിക്ക് ഇപ്പോഴുള്ളത്.
2014 ല്‍ ബിജെപിയുടെ എംഎല്‍എമാരുടെ എണ്ണം ആയിരം കടന്നിരുന്നു. എന്നാല്‍ 2015 -ല്‍ ബീഹാറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടത് എംഎല്‍എമാരുടെ എണ്ണത്തിലും കുറവ് വരുത്തി. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ 2016 -17 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലുമായി നേടിയ വിജയം എംഎല്‍എമാരുടെ എണ്ണം വര്‍ധിപ്പിച്ചു. ഇതാണ് ഉത്തര്‍പ്രദേശിലെ വന്‍വിജയത്തോടെ 1382 ലെത്തിയത്.
ഉത്തര്‍പ്രദേശില്‍ നിന്നാണ് പാര്‍ട്ടിക്ക് ഏറ്റവും അധികം നിയമസഭാംഗങ്ങളുള്ളത്. 312 പേര്‍. മധ്യപ്രദേശ് -165, രാജസ്ഥാന്‍ – 163, മഹാരാഷ്ട്ര-122, ഗുജറാത്ത് -115 എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് നൂറിലധികം എംഎല്‍എമാരുള്ളത്. മുന്‍പ് പാര്‍ട്ടിക്ക് വലിയ വേരോട്ടമില്ലാതിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് പാര്‍ട്ടിക്ക് എംഎല്‍എമാരെ ലഭിച്ചു. മൂന്നു സംസ്ഥാനങ്ങളില്‍ ഭരണവും പിടിച്ചു. വലിയ സംസ്ഥാനങ്ങളില്‍ തമിഴ്‌നാട്ടില്‍ മാത്രമാണ് നിലവില്‍ ബിജെപിക്ക് നിയമസഭാംഗങ്ങള്‍ ഇല്ലാത്തത്.
ബിജെപി തേരോട്ടം തുടരുമ്പോള്‍ മുഖ്യ എതിരാളിയായ കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് അംഗങ്ങളുമായി വളരെ പിന്നിലാണ്. 813 എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളത്. സംസ്ഥാനങ്ങളുടെ രൂപീകരണത്തിനുശേഷം പാര്‍ട്ടിക്കുള്ള എംഎല്‍എമാരുടെ എണ്ണത്തിലെ ഏറ്റവും കുറവാണ് ഇത്.
കര്‍ണാടകയിലാണ് കോണ്‍ഗ്രസ്സിന് ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ ഉള്ളത്. 122 പേര്‍. ഇതിന് പിന്നാലെ പഞ്ചാബ്(77), ഗുജറാത്ത്(61), മധ്യപ്രദേശ്(58), മഹാരാഷ്ട്ര(42), ഛത്തീസ്ഗഡ്(39) എന്നീ സംസ്ഥാനങ്ങളിലാണ് പാര്‍ട്ടിയ്ക്ക് കൂടുതല്‍ എംഎല്‍എമാരുള്ളത്. കര്‍ണാടക, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, മേഘാലയ, മിസോറാം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അധികാരത്തിലുണ്ട്.
Post Your Comments