ദുബായ്• യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ലാപ്ടോപുകള്‍, ടാബ്‌ലെറ്റുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതലായവ വിമാനത്തിന്റെ ക്യാബിനില്‍ കൊണ്ട് പോകുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തി.
അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യുരിറ്റി അഡ്മിനിസ്ട്രേഷന്റെ (ടി.എസ്.എ) പുതിയ നിര്‍ദ്ദേശം അനുസരിച്ച് സെല്‍ഫോണ്‍/സ്മാര്‍ട്ട് ഫോണ്‍ എന്നിവയെക്കാള്‍ വലിപ്പമേറിയ, മെഡിക്കല്‍ ഉപകരണങ്ങള്‍ ഒഴികെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിമാനത്തിന്റെ ക്യാബിനില്‍ കൊണ്ട്പോകാന്‍ കഴിയില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
2017 മാര്‍ച്ച് 25 മുതല്‍ ഒക്ടോബര്‍ 14 വരെയാണ് നിരോധനം. ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നോ, ഈ വിമാനത്താവളം വഴിയോ അമേരിക്കയിലേക്ക് പോകുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ നിയമം ബാധകമാണെന്നും എമിറേറ്റ്സ് അറിയിച്ചു.
അമേരിക്കയിലേക്ക് പോകുന്ന യാത്രക്കാര്‍ സ്മാര്‍ട്ട്‌ഫോണിനെക്കാള്‍ വലിപ്പമേറിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ തങ്ങളുടെ ചെക്ക്ഡ്-ഇന്‍ ബാഗേജില്‍ പാക്ക് ചെയ്യണമെന്നും എമിറേറ്റ്സ് അഭ്യര്‍ഥിച്ചു.
ഗള്‍ഫ് മേഖലയിലെ പത്ത് വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒളിപ്പിച്ച ബോംബുകള്‍ ഉപയോഗിച്ച് സ്ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.
ഖത്തര്‍ എയര്‍വേയ്സും നിരോധം സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഉപകരണങ്ങള്‍ വിമാനത്തിന്റെ ബാഗേജ് ഹോള്‍ഡില്‍ സുരക്ഷിതമായി കൊണ്ട് പോകാന്‍ ഖത്തര്‍ എയര്‍വേയ്സ് സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ വിലക്കപ്പെട്ട ഉപകരണങ്ങളായ ലാപ്ടോപുകള്‍, ടാബ്‌ലെറ്റുകള്‍, ഡി.വി.ഡി പ്ലേയറുകള്‍, ഇലക്ട്രോണിക് ഗെയിമുകള്‍ തുടങ്ങിയ ചെക്ക്ഡ് ലഗേജില്‍ മാത്രമേ കൊണ്ടുപോകാവൂ എന്ന് ഖത്തര്‍ അഭ്യര്‍ഥിച്ചു. സെല്‍ഫോണ്‍/സ്മാര്‍ട്ട് ഫോണുകളും യാത്രയ്ക്കിടെ അത്യാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും ക്യാബിനില്‍ ഒപ്പം കരുതാവുന്നതാണ്.
Post Your Comments