ന്യൂഡല്‍ഹി : ബി.ജെ.പി എം.പിമാര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി . പാര്‍ലമെന്റില്‍ എത്താത്ത ബി.ജെ.പി എം.പിമാര്‍ക്ക് എതിരെയാണ് മുന്നറിയിപ്പുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. എംപിമാര്‍ കാരണം കാണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ഹാജരാകണമെന്ന് വിപ്പ് നല്‍കിയിട്ടും ബി.ജെ.പി എം.പിമാര്‍ വിട്ട് നില്‍ക്കുന്നതിനെയാണ് പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്.
എല്ലാ എംപിമാരും പാര്‍ലമെന്റില്‍ എത്തണമെന്നും ഹാജരാകാത്ത എംപിമാര്‍ കാരണം കാണിക്കണമെന്നും ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു. ആരെയും എപ്പോഴും താന്‍ വിളിക്കാമെന്നും പ്രധാനമന്ത്രി എംപിമാരോട് വ്യക്തമാക്കി.
പാര്‍ലമെന്റിലെത്തുക എന്നതാണ് എംപിമാരുടെ അടിസ്ഥാന ചുമതല. പുറത്ത് നിങ്ങള്‍ക്കുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയും. എന്നാല്‍ നിങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ഹാജരാവാന്‍ കഴിയില്ലെന്ന് മനസിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും ക്വാറം തികയാത്തതിനെക്കുറിച്ച് പാര്‍ലമെന്ററികാര്യമന്ത്രി അനന്ത് കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എംപിമാരോട് പാര്‍ലമെന്റിലെത്താന്‍ അഭ്യര്‍ഥിക്കുകയല്ല വേണ്ടതെന്നും അതവരുടെ അടിസ്ഥാന ചുമതലയാണെന്നും മോദി അനന്ത് കുമാറിനോട് പറഞ്ഞു.
Post Your Comments