ചെന്നൈ: തമിഴ്‌നാട്ടിലെ തേനിയില്‍ കേരള അതിര്‍ത്തിയോടു ചേര്‍ന്ന് നടത്താനിരുന്ന കണികാ പരീക്ഷണം ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. പരിസ്ഥിതി സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ ഉത്തരവ്. 2010ലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ന്യൂട്രിനോ(കണികാ) പരീക്ഷണ കേന്ദ്രത്തിന് അനുമതി നല്‍കിയത്.
കേരളതമിഴ്‌നാട് അതിര്‍ത്തിയില്‍ തേവാരത്തിനു സമീപം പെട്ടിപ്പുറത്താണ് കണികാ പരീക്ഷണശാല സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. അമ്പരശന്‍കോട് എന്ന മലയ്ക്കുള്ളിലെ ഭൂഗര്‍ഭ കേന്ദ്രത്തില്‍ പരീക്ഷണശാല സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിനായി 66 ഏക്കര്‍ ഭൂമിയും തമിഴ്‌നാട് വിട്ടുനല്‍കി. 1500 കോടി രൂപയുടെ ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി പദ്ധതി കേന്ദ്ര ആണവ വകുപ്പിന്റെയും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും നേതൃത്വത്തില്‍ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം.
കണികാ പരീക്ഷണത്തിനെതിരെ കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധമുണ്ട്. എംഡിഎംകെ നേതാവ് വൈകോയുടെ ഹര്‍ജിയില്‍ തമിഴ്‌നാട് സര്‍ക്കാരിനും കേന്ദ്രത്തിനും തമിഴ്‌നാട് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. പരീക്ഷണം ഇടുക്കി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പരിസ്ഥിതി സംഘടന കേസ് നല്‍കിയത്. ഈ കേസിലാണ് കോടതിയുടെ വിധി.
Post Your Comments