ഹൈദരാബാദ്: തങ്ങളെ വിദഗ്ധമായി കബളിപ്പിച്ച് കടന്ന കസ്റ്റമറത്തേടി പരക്കം പായുകയാണ് ഹൈദരാബാദിലെ പ്രശസ്ത ആഡംബര ഹോട്ടലുകാര്‍. ദ പാര്‍ക്ക് എന്ന ഹോട്ടലില്‍ മുറിയെടുത്ത് ഒരു മാസം അടിച്ചുപൊളിച്ചയാള് ഒടുവില്‍ ബില്‍ തുകയായ 3.38 ലക്ഷം നല്‍കാതെ കടന്നുകളയുകയായിരുന്നു. ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി കൊടുത്തിരിക്കുകയാണ് ഹോട്ടലുകാര്‍. കൂടാതെ തങ്ങളെ കബളിപ്പിച്ചയാളെ കണ്ടുപിടിക്കാന്‍ സ്വന്തം നിലയ്ക്കും ഇവര്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
കൃഷ്ണ ചൈതന്യ എന്ന പേരില്‍ ഹോട്ടലില്‍ മുറിയെടുത്തയാളാണ് ഹോട്ടലുകാരെ പറ്റിച്ച് മുങ്ങിയത്. മുംബൈയില്‍ നിന്ന് വന്നതാണെന്നാണ് ഹോട്ടലുകാരോട് പറഞ്ഞത്. ഇന്നോവ കാറിലാണ് ഇയാള്‍ മുംബൈയില്‍ നിന്നെത്തിയത്. പക്ഷെ സംസാരമെല്ലാം തെലുങ്കിലായിരുന്നു. വന്ബിസിനസുള്ള കോണ്ട്രാക്ടര് ആണ് താനെന്നാണ് ഇയാള്‍ ഹോട്ടലുകാരോട് പറഞ്ഞത്. ഫെബ്രുവരി 9 നാണ് മുറിയെടുത്തത്. ബില്‍ അടയ്ക്കാന്‍ പറഞ്ഞപ്പോള്‍ പണം ഉടന്തരാം പകരം വിശ്വാസത്തിനായി ഈ കാര്‍ ഹോട്ടലില്‍ കിടക്കട്ടെയെന്ന് പറഞ്ഞ് കാര്‍ ഹോട്ടലില്‍ ഇട്ടാണ് ഇയാള്‍ പോയത്. പിന്നീട് വന്നതുമില്ല.
പിന്നാലെ റെന്റ് എ കാര്‍ സംവിധാനത്തില്‍ വാടകയ്ക്ക് എടുത്തതാണ് എന്ന് വ്യക്തമാക്കി കാറിന്റെ ഉടമകള്‍ ഹോട്ടലില്‍ എത്തിയപ്പോഴാണ് തങ്ങള്‍ ശരിക്കും വഞ്ചിക്കപ്പെട്ടെന്ന് ഹോട്ടലുകാര്‍ക്ക് ബോധ്യപ്പെട്ടത്. കാറിന്റെ രേഖകള്‍ അധികൃതരെ കാണിച്ച് കാറുമായി അതിന്റെ ഉടമസ്ഥര്‍ പോയി. പിന്നാലെയാണ് ഹോട്ടലുകാര്‍ ‘കോണ്ട്രാക്ടര്’ ക്കുവേണ്ടി അന്വേഷണം തുടങ്ങിയത്. ഹോട്ടലുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments