ന്യൂഡല്‍ഹി: പുരകത്തുന്നതിനിടെ വാഴ വെട്ടല്‍ എന്ന പഴഞ്ചൊല്ലിനെ അക്ഷരാര്‍ത്ഥത്തില്‍തന്നെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ഡല്‍ഹിയിലെ ഒരു ഫയര്‍ ഓഫീസര്‍ കള്ളന്‍. വെട്ടിപ്പോയത് വാഴയോ വാഴക്കുലയോ അല്ല ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുടെ മൊബൈല്‍ ഫോണുകളാണെന്നു മാത്രം. ഒന്നും രണ്ടുമല്ല ഐ ഫോണടക്കം വിലപിടിപ്പുള്ള മൂന്നു മൊബൈല്‍ ഫോണുകളാണ് ധോണിക്ക് നഷ്ടമായത്. സംഭവത്തിന് കാരണമായത് കഴിഞ്ഞദിവസം ധോണിയും സംഘവും തങ്ങിയ ഹോട്ടലിലുണ്ടായ തീപിടിത്തവും.
വിജയ് ഹസാരെ ട്രോഫിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയ ധോണിയുടെ നേതൃത്വത്തിലുള്ള ഝാര്‍ഖണ്ട് ടീം തങ്ങിയ ഡല്‍ഹി ദ്വാരക ഹോട്ടലില്‍ തീപിടിത്തുമുണ്ടായിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ രാവിലെ ആറുമാണിയോടെയായിരുന്ന തീപിടിത്തം. ബംഗാളുമായുള്ള മത്സരത്തിനായി പുറപ്പെടുന്നതിന് മുന്‍പ് ഝാര്‍ഖണ്ട് ടീം അംഗങ്ങള്‍ പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു തീപിടിത്തമുണ്ടായത്. ക്രിക്കറ്റ് ടീം അംഗങ്ങള്‍ അടക്കം ഹോട്ടലിലുണ്ടായിരുന്ന വിദേശികളുള്‍പ്പടെ 550 പേരേയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞിരുന്നു. ധോണിയുടെ ടീം മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഹോട്ടലിലെ തീകെടുത്തല്‍ ജോലിക്കെത്തിയ ഹോട്ടലിലെ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനാണ് ഇതിനിടെ മറ്റൊരു ‘ജോലി’ കൂടി ചെയ്തത്.തീകെടുത്തുന്നതിനും ഹോട്ടലിലുണ്ടായിരുന്നവരെ പുറത്തെത്തിക്കുന്നതിനിടെയുമുണ്ടായ വെപ്രാളത്തിലാണ് കള്ളന്‍ പണിയൊപ്പിച്ചതെന്നു കരുതുന്നു.
കളികഴിഞ്ഞ് തന്റെ ലഗേജുകള്‍ പരിശോധിച്ചപ്പോഴാണ് മൊബൈലുകള്‍ പോയ വിവരം ധോണിക്ക് മനസിലായത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ബിസിസിയുമായും ബന്ധപ്പെട്ട നിരവധി പ്രധാനരേഖകള്‍ ധോണിയുടെ ഫോണുകളില്‍ ഉണ്ടായിരുന്നു. ധോണിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ കള്ളന്‍ കപ്പലില്‍തന്നെയുണ്ടായിരുന്ന ആളാണെന്ന് പോലീസിന് മനസിലായത്. ഞായറാഴ്ച രാവിലെ ഇയാളെ അറസ്റ്റു ചെയ്തു. മൂന്നുഫോണുകളും ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
Post Your Comments