മഹന്ത് ആദിത്യനാഥ് എന്ന സന്യാസിവര്യന് ഉത്തർ പ്രദേശിലെ മുഖ്യമന്ത്രിയാവുന്നു. ഇന്ന് ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗം അദ്ദേഹത്തെ നേതാവായി തിരഞ്ഞെടുത്തു. നാളെയാണ് സത്യപ്രതിജ്ഞ. ഒരു ഹിന്ദു സന്യാസി യുപി പോലുള്ള ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയാവുന്നത് ഇതാദ്യമായാണ്. ഈ തീരുമാനം പലതുകൊണ്ടും ശ്രദ്ധിക്കപ്പെടും. എനിക്ക് തോന്നുന്നു, ഇത് ബിജെപി എടുക്കുന്ന മറ്റൊരു വെല്ലുവിളിയാണ്. മത ന്യൂനപക്ഷങ്ങൾക്ക് അത്രയേറെ പ്രാമുഖ്യമുള്ള ഒരു സംസ്ഥാനത്ത് പൊതുവെ ” വെട്ടിതുറന്നുപറയുന്ന” പ്രകൃതക്കാരനായ മഹന്ത് ആദിത്യനാഥ് തന്നെയാണോ നല്ല മുഖ്യമന്ത്രി എന്ന ചോദ്യമാണ് പല കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നത്. കാര്യങ്ങൾ വെട്ടിത്തുറന്നു പറയുമ്പോഴും അതിലും കുറെ ന്യായങ്ങളും വസ്തുതകളും ഉണ്ടെന്നു കരുതുന്ന വലിയ ഒരു വിഭാഗം ജനത ഇന്ത്യയിലുമുണ്ട് എന്നതും കാണാതെ പൊയ്ക്കൂടാ. മറ്റൊന്ന് , ഭരണകർത്താവ് എന്ന നിലക്കുള്ള പരിചയക്കുറവാണ്. യു.പി പോലുള്ള ഒരു വലിയ സംസ്ഥാനത്ത് ഭരണപരിചയം ഇല്ല എന്ന് കരുതപ്പെടുന്ന ഒരാളാണോ മുഖ്യമന്ത്രി ആവേണ്ടത് എന്ന ചോദ്യം ഉന്നയിക്കുന്നവരുണ്ട്. പിന്നെ നേരത്തെ ഞാൻ സൂചിപ്പിച്ചതുപോലെ എന്തും തുറന്നു പറയുന്ന പ്രകൃതക്കാരൻ തന്നെ വേണോ എന്നതാണത്. ഇതൊക്കെ ഓരോ വീക്ഷണങ്ങളാണ്. ന്യൂനപക്ഷ പ്രീണനവും ദേശവിരുദ്ധ പ്രവർത്തനങ്ങളും ഒക്കെ നടക്കുന്ന നാട്ടിൽ ഹിന്ദുത്വത്തിന് ലഭിച്ച, ദേശീയതക്ക് ലഭിച്ച പിന്തുണയാണ് യുപിയിലെ വിജയം എന്ന് കരുതുന്നവരുണ്ട്. ന്യൂനപക്ഷ പ്രീണനത്തിനായി ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ പോലും മുഴക്കുന്ന നാട്ടിൽ ജനങ്ങൾ ബിജെപിക്കൊപ്പം അണിനിരക്കുകയായിരുന്നുവല്ലോ. ഇതെല്ലാം ഇന്ന് കേന്ദ്രം ഭരിക്കുന്ന പാർട്ടിയും അതിന്റെ നേതാക്കളും കണക്കിലെടുത്തിട്ടുണ്ട് എന്ന് തീർച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മറ്റ് മുതിർന്ന നേതാക്കളും സംഘ പ്രസ്ഥാനത്തിന്റെ നായകന്മാരും അതൊക്കെ കണക്കിലെടുക്കാതിരിക്കില്ലല്ലോ.
മഹന്ത് ആദിത്യനാഥ് 44 വയസുകാരനാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അത്രക്ക് ചെറുപ്പമാണ്. 26 വയസായപ്പോൾ ലോകസഭയിലെത്തി. അദ്ദേഹത്തിൻറെ ഗുരുനാഥൻ, മഹന്ത് അവൈദ്യനാഥ് അതുപോലെ യുപി നിയമസഭയിലും ലോകസഭയിലും അംഗമായിരുന്നു, ദീർഘനാൾ. 1962 മുതൽ 1977 വരെ എംഎൽഎ ആയിരുന്ന അദ്ദേഹം പിന്നീട് 1996 വരെ ലോകസഭംഗമായിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമി എന്നനിലക്കാണ് മഹന്ത് ആദിത്യനാഥ് 1998 -ൽ ലോകസഭയിലെത്തുന്നത്. അഞ്ച് തവണ തുടർച്ചയായി ലോകസഭംഗമായി. 1998, 1999, 2004, 2009 , 2014 എന്നീ തിരഞ്ഞെടുപ്പുകളിൽ. ഗോരഖ്പൂർ ഗുരുഗോരഖ് നാഥ് ക്ഷേത്രത്തിലെ മഹന്ത് ആണ്. ആ പ്രദേശത്ത് അത്രമാത്രം സ്വാധീനമുള്ള വ്യക്തിയും. ഇത്തവണ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കിഴക്കൻ യുപിയിൽ ബിജെപി വലിയ നേട്ടമാണുണ്ടാക്കിയത്. ഒരർഥത്തിൽ ഒരു ‘ക്ളീൻ സ്വീപ്പ് ‘. അതിനുത്തരവാദി ആ സന്യാസിവര്യൻ തന്നെയെന്ന് ബിജെപി കരുതുന്നു.
നരേന്ദ്രമോദി ഗുജറാത്തിലേക്ക് മുഖ്യമന്ത്രി ആയി പോയതോർക്കുക. അതിനുമുൻപ് ഒരിക്കലും അദ്ദേഹം ഒരു നിയമസഭംഗം പോലുമായിരുന്നില്ല. അത്രയ്ക്ക് ഭരണരംഗത്ത് പരിചയക്കുറവുണ്ടായിരുന്നു. ആഭ്യന്തര വകുപ്പിൽ അന്ന് അദ്ദേഹത്തെ സഹായിക്കാൻ കെപിഎസ് ഗിൽ വന്നതും മാറ്റുമോർക്കേണ്ടതുണ്ട്. അതിനെയപേക്ഷിച്ചു കൂടുതൽ പരിചയം തീർച്ചയായും ആദിത്യനാഥിനുണ്ട്. ആറു തവണ എംപിയായല്ലോ. പിന്നെ ഇത് മാറ്റത്തിനുള്ള സമയമാണ് എന്ന് ബിജെപി അടക്കമുള്ള സംഘ പ്രസ്ഥാനങ്ങൾ കരുതുന്നുണ്ടാവണം. യുപി ജനവിധിയുടെ പ്രാധാന്യം അതാണ് എന്നവർ ചിന്തിക്കുന്നുണ്ടാവണം. ബിജെപി ഒരു പ്രധാന തസ്തികയിലേക്ക് ആളെ നിശ്ചയിക്കുമ്പോൾ അത് ബിജെപിയുടെ മാത്രം തീരുമാനമാവാറില്ല എന്നതും കണക്കിലെടുക്കേണ്ടതുണ്ട്. ആ കൂടിയാലോചനയുടെ ഫലമാണിത്. തിരഞ്ഞെടുപ്പിൽ ഒന്നിച്ചു പ്രവർത്തിച്ച എല്ലാവരുടെയും വികാരവും വിചാരവും ഈ തീരുമാനത്തിന് വഴിവെച്ചു എന്ന് കരുതാനാണ് താല്പര്യം. അതെന്തായാലും ഇവിടെയൊരു ‘റിസ്ക് ഘടകം’ ഉണ്ട്. ഭരണം , സദ് ഭരണം……… അത് എല്ലാവരും അംഗീകരിക്കും എന്നതാണ് വസ്തുത. അത് ആരായാലും എന്ത് തീരുമാനമെടുത്താലും ഉണ്ടുതാനും. പിന്നെ ആദിത്യനാഥ് ഒരു സന്യാസിയാണ്. അഴിമതി നടത്താറില്ല. അഴിമതി നടത്തേണ്ട ആവശ്യമില്ല. നരേന്ദ്ര മോദിയെപ്പോലെ മുന്നോട്ട് പോകാൻ അദ്ദേഹത്തിന് കഴിയും എന്നതാവും ഈ തീരുമാനമെടുത്ത എല്ലാവരും കരുതുന്നത്. കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്നതൊക്കെ ശരി ……. സ്വയം നിയന്ത്രിച്ചുകൊണ്ട് ജനപക്ഷത്തുനിൽക്കാൻ കഴിഞ്ഞാൽ ………
മുമ്പും ബിജെപി ഇതുപോലെ പുതുമുഖങ്ങളെ മുഖ്യമന്ത്രി സ്ഥാനത്ത് പരീക്ഷിച്ചിട്ടുണ്ട്. ഉമാ ഭാരതിയെ മധ്യപ്രദേശിലും രാമൻ സിംഗിനെ ചത്തിസ്ഗഡിലും, വസുദ്ധര രാജ സിന്ധ്യയെ രാജസ്ഥാനിലും നിയോഗിച്ചത് ഓർക്കുക. പിന്നീട് ഉമാ ഭാരതിക്ക് പകരക്കാരനായി ശിവരാജ് സിങ് ചൗഹാനും. ഇത്തവണ മഹാരാഷ്ട്രയിലും ഹരിയാനയിലും ഉത്തരാഖണ്ടിലും അതുതന്നെയാണ് കണ്ടത്. ഭരണ പരിചയം കുറവെങ്കിലും അവിടെയൊക്കെ ശ്രദ്ധിക്കപ്പെട്ടത് വ്യക്തിത്വവും അഴിമതി രഹിത പ്രതിച്ഛായയുമാണ്. നരേന്ദ്ര മോദിക്കും ഗുജറാത്തിൽ അന്ന് അതും ഗുണകരമായി. ഇതാണ് പൊതുവെ സംഘ പ്രസ്ഥാനങ്ങൾ ശ്രദ്ധിക്കുന്നത്.
യുപിയിൽ വലിയ മാറ്റം ജനങൾക്ക് ബിജെപി വാഗ്ദാനം ചെയ്ത്തിരുന്നു. അഴിമതിയും കെടുകാര്യസ്ഥതയും ഒക്കെ അവസാനിപ്പിക്കണം. സംസ്ഥാനത്ത് വലിയ വികസന കുതിപ്പ് ഉണ്ടാവേണ്ടിയിരിക്കുന്നു. രണ്ടു വര്ഷം കഴിഞ്ഞുനടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ വലിയ നേട്ടം കരസ്ഥമാക്കാൻ ഇതൊക്കെ അനിവാര്യമാണ്. അതൊക്കെയാവും ഈ സന്യാസി മുഖ്യമന്ത്രിയുടെ മുന്നിലെ വെല്ലുവിളികൾ. സന്യാസിവര്യന് സ്വാഭാവികമായും ഉണ്ടാവേണ്ടുന്ന ഗുണഗണങ്ങൾ മാത്രമല്ല ജനകീയ നേതാവ് എന്ന പ്രതിച്ഛായയും അവിടെ ആദിത്യനാഥിന് സഹായകരമാവും എന്ന് കരുതേണ്ടിയിരിക്കുന്നു. ബിജെപി എടുത്തിട്ടുള്ള റിസ്ക്, അതും അദ്ദേഹം തിരിച്ചറിയും എന്ന് കരുതാം. അയോദ്ധ്യ പോലുള്ള പ്രശ്നങ്ങൾ ഉയർന്നുവരാൻ കാലഘട്ടത്തിൽ തീർച്ചയായും അദ്ദേഹത്തിന്റെ നിലപാടുകൾ, സമീപനങ്ങൾ ലോകം ശ്രദ്ധിക്കുമെന്നതിൽ സംശയമില്ല. അവിടെ അദ്ദേഹം നേടുന്ന ഓരോ കയ്യടിയും നരേന്ദ്ര മോദിക്ക് വലിയ ആശ്വാസം പകരും എന്നതും പ്രധാനമാണ്. ഇത്ര ചെറുപ്പത്തിൽ യുപി പോലുള്ള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുന്ന ഒരാളുടെ മുന്നിലെ രാഷ്ട്രീയ വാതായനങ്ങൾ കാണാതെ പൊയ്ക്കൂടാ. മുന്നിലേക്ക് ഏറെ നീങ്ങാനുണ്ട് എന്നത് ………… അതത്ര വലുതാണല്ലോ. അതും മഹന്ത് ആദിത്യനാഥ് തിരിച്ചറിയേണ്ടതുണ്ട്.
Post Your Comments