ന്യൂഡല്‍ഹി: ശത്രു സ്വത്ത് നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കിയതോടെ അനധികൃതമായി സ്വത്ത് കൈവശം വെച്ചവര്‍ക്ക് വലിയ തിരിച്ചടിയായി. ഇന്ത്യ-പാക് വിഭജനം, ഇന്ത്യ-പാക് യുദ്ധം, ഇന്ത്യ-ചൈന യുദ്ധം എന്നീ സന്ദര്‍ഭങ്ങളില്‍ വിദേശ രാജ്യങ്ങളിലേക്കു പലായനം ചെയ്തവരുടെ ഇന്ത്യയിലുള്ള സ്വത്തുക്കളാണ് ശത്രുസ്വത്തായി കണക്കാക്കുന്നത്. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഭേദഗതി ചെയ്തിരിക്കുന്നത്.
ഭേദഗതി ബില്ല് പാര്‍ലമെന്റ് പാസാക്കിയതോടെ ഈ സ്വത്തുക്കള്‍ ഇപ്പോള്‍ കൈവശത്തില്‍ ഇരിക്കുന്നവരുടെയോ സര്‍ക്കാരിന്റെയോ പക്കല്‍ നിന്നു വിട്ടുകിട്ടാന്‍ സ്വത്തിന്റെ അവകാശിയുടെ ബന്ധുക്കള്‍ക്ക് സ്വത്ത് വാങ്ങിയവര്‍ക്കോ സിവില്‍ കോടതിയെ സമീപിക്കാനാവില്ല.
ഇത്തരം കേസുകള്‍ ഹൈക്കോടതിയോ സുപ്രിംകോടതിയോ ആണ് ഇനി പരിഗണിക്കേണ്ടത്. 1968നു ശേഷം ഇത്തരത്തിലുള്ള സ്വത്തുക്കള്‍ വാങ്ങിയവര്‍ക്ക് അത് നഷ്ടപ്പെടാനാണ് സാധ്യതയെന്നും നിയമവിദഗ്ദ്ധര്‍ പറയുന്നു.
ഇതുവരെ ഇത്തരത്തിലുള്ള 9,500 സ്വത്തു വകകള്‍ സര്‍ക്കാര്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലേക്ക് കാര്യമായി പലായനമുണ്ടായിട്ടില്ലാത്ത കേരളത്തില്‍ പോലും 1375 കോടി രൂപ വില മതിക്കുന്ന ശത്രുസ്വത്തുണ്ട്. ആന്ധ്രയിലാണ് ഇത്തരത്തില്‍ കൂടുതലുള്ള സംസ്ഥാനം, 11641 കോടി. 1962ലെ ഇന്ത്യാ- ചൈന യുദ്ധകാലത്ത് ചൈനീസ് കമ്പനികള്‍ ഉപേക്ഷിച്ചു പോയ സ്വത്തിന്റെ മൂല്യം ഇതുവരെ കണക്കാക്കിയിട്ടില്ല.
മഹ്മൂദാബാദ് രാജയുടെ സ്വത്തുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ഇത്തരത്തിലൊരു ഭേദഗതി കൊണ്ടു വരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഹസ്രത്ത് ഗഞ്ച്, സിതാപൂര്‍, നൈനിത്താള്‍ എന്നിവിടങ്ങളില്‍ രാജയ്ക്ക് കോടികളുടെ സ്വത്തുണ്ടായിരുന്നു. ഇറാഖിലേക്ക് പോയ രാജ പിന്നീട് ലണ്ടനില്‍ സ്ഥിരതാമസമാക്കി. എന്നാല്‍ രാജയുടെ ഭാര്യയും മകന്‍ മുഹമ്മദ് അമീര്‍ മുഹമ്മദ് ഖാനും ഇന്ത്യയില്‍ തന്നെ തങ്ങിയെങ്കിലും രാജയുടെ സ്വത്ത് ശത്രുസ്വത്തിന്റെ ഗണത്തില്‍പ്പെടുത്തി സര്‍ക്കാര്‍ കണ്ടുകെട്ടി. രാജ മരിച്ചതോടെ അവകാശം ആവശ്യപ്പെട്ട് മകന്‍ കോടതിയെ സമീപിച്ചു. 30 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 2005 ഒക്ടോബര്‍ 21ന് മകന് അനുകൂലമായി സുപ്രിംകോടതി വിധിച്ചു. ഈ വിധിയോടെ സുപ്രിംകോടതിയില്‍ സമാനമായ നിരവധി കേസുകളെത്തി.
എന്നാല്‍ രാജയുടെ സ്വത്ത് ഓര്‍ഡിനന്‍സിലുടെ സര്‍ക്കാര്‍ വീണ്ടും സ്വന്തമാക്കി. 2010ല്‍ യു.പി.എ സര്‍ക്കാറാണ് ഇത്തരം സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ കൊണ്ടുവന്നത്. പിന്നീടിത് എതിര്‍പ്പ് മൂലം പിന്‍വലിക്കേണ്ടി വന്നു. ഈ ബില്‍ പ്രകാരം സ്വത്തിന്റെ പിന്തുടര്‍ച്ചാവകാശികള്‍ക്ക് സ്വത്ത് വിട്ടു നല്‍കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ നിന്ന് ഈ വ്യവസ്ഥ എടുത്തുകളയുകയായിരുന്നു. ഇനി കോടതിയില്‍ കേസ് നല്‍കി മാത്രമേ സ്വത്തിന്റെ അവകാശം സ്ഥാപിച്ചെടുക്കാനാവൂ.
10,43,390 കോടിയുടെ സ്വത്തുക്കളാണ് ഇത്തരത്തില്‍ ഇന്ത്യയില്‍ ഉള്ളത്.
സമാനമായ രീതിയില്‍ പ്രശസ്ത ക്രിക്കറ്റ് താരം നവാബ് മന്‍സൂര്‍ അലി ഖാന്‍ പട്ടോഡിയുടെ മകന്‍ സെയ്ഫ് അലി ഖാന് ലഭിച്ച ശതകോടികളുടെ സ്വത്തും നഷ്ടപ്പെടുമെന്ന സൂചനകളുണ്ട്. പിതാമഹന്‍ നവാബ് ഹമീദുള്ളാഖാന്റെ പേരിലുള്ള പൈതൃക സ്വത്താണ് ഇപ്പോള്‍ സെയ്ഫ് അലി ഖാന്റെ കൈവശം എത്തിയിട്ടുള്ളത്. ഭോപ്പാലിലെ നവാബായിരുന്നു ഹമീദുള്ളാ ഖാന്‍.
യുപിഎ സര്‍ക്കാര്‍ ഇത്തരത്തില്‍ ഭേദഗതി കൊണ്ടുവന്നിരുന്നെങ്കിലും പിന്നീട് എതിര്‍പ്പുണ്ടായതോടെ പിന്‍വലിക്കുകയായിരുന്നു. പക്ഷേ, യഥാര്‍ത്ഥ അനന്തരാവകാശികളല്ല, പല സ്വത്തിന്റെയും ഇപ്പോഴത്തെ കൈവശക്കാരെന്നും നാടുവിട്ട് ഓടിപ്പോയവര്‍ ഉപേക്ഷിച്ച സ്വത്ത് ഇപ്പോള്‍ പലരും അനധികൃതമായി കൈവശം വയ്ക്കുകയാണെന്നും കണ്ടെത്തിയാണ് മോദി സര്‍ക്കാര്‍ നിയമഭേദഗതി എതിര്‍പ്പുകളെ അവഗണിച്ചും കൊണ്ടുവന്നത്. ഒരു സമുദായത്തെ മാത്രം ലക്ഷ്യംവച്ചല്ല ഭേദഗതിയെന്നും മറിച്ച് പൊതുവായ രാജ്യതാല്‍പര്യത്തിനാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കിയതെന്നുമാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍.
Post Your Comments