ബംഗളൂരു: ബസ് ഓടിക്കുന്നതിനിടെ ശക്തമായ ഹൃദയാഘാതം അനുഭപ്പെട്ടിട്ടും മനസാന്നിദ്ധ്യം കൈവിടാതെ വാഹനം അപകടം കൂടാതെ നിര്‍ത്തി യാത്രക്കാരെ രക്ഷിച്ച ഡ്രൈവര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി.
കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലെ ലക്കനഹള്ളിയിലാണ് സംഭവം. ഡ്രൈവര്‍ മധുഗിരി സ്വദേശി നാഗരാജ്(55) ആണ് നാട്ടുകാരുടെ ഹീറോയായി മരണത്തിന് കീഴടങ്ങിയ ബസ് ഡ്രൈവര്‍.
ബസ് ലക്കനഹള്ളിയിലെത്തിയപ്പോഴാണ് നാഗരാജിന് നെഞ്ചുവേദനയനുഭപ്പെട്ടത്. വേദന ശക്തമായതോടെ കണ്ടക്ടര്‍ മാരുതിയോട് വിവരം പറയുകയും ബസ് റോഡ് വക്കിലേക്ക് ഒതുക്കിനിര്ത്തുകയുചെയ്തു. ഇറക്കമായിരുന്നതിനാല്‍ ഏറെ കഷ്ടപ്പെട്ട് ഒരു കുഴിയിലേക്ക് ഇറക്കിയാണ് ബസ് നിര്‍ത്തിയത്. എങ്കിലും അപകടമൊന്നുമുണ്ടായില്ല.
ഇതിനിടെ കുഴഞ്ഞുവീണെങ്കിലും ഉടന്‍ ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷെ, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ നാഗരാജ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ആന്ധ്രാപ്രദേശിലെ അമരാപുരയില് നിന്നു വരുകയായിരുന്നു ബസ്. അറുപത് യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.
Post Your Comments