ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ വിജയം മായാവതിയേയും കെജ്രിവാളിനേയും തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. തങ്ങളുടെ പാര്‍ട്ടികള്‍ പരാജയപ്പെടാനുള്ള കാരണം ഇലക്ട്രോണിക് മെഷീനുകളില്‍ ബി.ജെ.പി കൃത്രിമം കാണിച്ചതുകൊണ്ടാണെന്ന് പറഞ്ഞ് ഇരുവരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നുവെന്ന ആരോപണം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തുവന്നതോടെ ഇരുവര്‍ക്കും തിരിച്ചടിയായി. സാങ്കേതികമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നു. വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത നഷ്ടപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ ഏതെങ്കിലും തരത്തില്‍ കൃത്രിമം നടന്നുവെന്ന് തെളിവുകള്‍ സഹിതം പരാതി നല്‍കിയാല്‍ അക്കാര്യം പരിശോധിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം നേടിയതിന് പിന്നാലെയാണ് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നുവെന്നാരോപിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി രംഗത്ത് വന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മായാവതി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പോലും ബി.ജെ.പി വിജയിച്ചത് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നതു കൊണ്ടാണെന്നും മായാവതി ആരോപിച്ചിരുന്നു. ഇക്കാര്യം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും മായാവതി ആവശ്യപ്പെട്ടിരുന്നു.
മായാവതിയുടെ ആരോപണങ്ങളെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്ത് വന്നിരുന്നു. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി 20 സീറ്റിലൊതുങ്ങിയത് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നതു കൊണ്ടാണെന്നായിരുന്നു കെജ്രിവാളിന്റെ ആരോപണം. പാര്‍ട്ടിയുടെ 20-25 ശതമാനം വോട്ടുകള്‍ ബി.ജെ.പി-അകാലിദള്‍ സഖ്യത്തിന് പോയിരിക്കാമെന്നും കെജ്രിവാള്‍ ആരോപിച്ചിരുന്നു. ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments