മാണ്ഡ്യ: ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്ത യുവാക്കളെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച വനിതാ എസ് ഐയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കര്‍ണാടകയിലെ മൈസൂരു- ബംഗളൂരു ഹൈവേയില്‍ സോമനഹള്ളിയിലാണ് സംഭവം. വനിതാ എസ്‌ഐ സാവിയാണ് ബൈക്കിലെത്തയ യുവാക്കളെ മര്‍ദിച്ചത്. ഹെമ്മനഹള്ളി സ്വദേശികളായ നിഷാന്ത്, നാഗഷിംഹ എന്നീ യുവാക്കള്‍ക്കാണ് മര്‍ദനമേറ്റത്.
സോമനഹള്ളിക്ക് സമീപം മദ്ദൂര്‍ ഗ്രാമത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ എത്തിയ യുവാക്കളെ തടഞ്ഞുനിര്‍ത്തിയ സാവി തുടര്‍ന്ന് ഇവരെ കോളറിന് കുത്തിപ്പിടിച്ചശേഷം കവിളത്ത് രണ്ടുതവണ അടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വനിതാ എസ്‌ഐയുടെ ചുറുചുറുക്കിനെ കുറെപ്പേര്‍ പ്രശംസിക്കുന്നുണ്ടെങ്കിലും ഹെല്‍മറ്റ് ധരിക്കാത്തിന് നിയമപരമായി പിഴ ചുമത്തുന്നതിന് പകരം യുവാക്കളെ മര്‍ദിച്ചത് നിയമലംഘനമാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വനിതാ എസ്‌ഐ യുവാക്കളെ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവം വിവാദമായതോടെ സാവിയുടെ പേരില്‍ വകുപ്പുതല അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കുറ്റക്കാരിയെന്നു തെളിഞ്ഞാല്‍ നടപടിയുണ്ടാകും.
Post Your Comments