മൊഗദിഷു•യു.എ.ഇ എണ്ണടാങ്കര്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. എരിസ് 13 എന്ന കപ്പല്‍ സൊമാലിയന്‍ തീരത്ത് വച്ചാണ് റാഞ്ചപ്പെട്ടത്. കപ്പലില്‍ 8 ഓളം ശ്രീലങ്കന്‍ തൊഴിലാളികള്‍ ഉണ്ടെന്നാണ് വിവരം. 2012 ന് ശേഷം ആദ്യമായാണ് പ്രധാന ആഗോള വാണിജ്യപാതയായ ഇവിടെ നിന്നും കൂറ്റന്‍ വാണിജ്യക്കപ്പല്‍ കൊള്ളക്കാര്‍ തട്ടിയെടുക്കുന്നത്.
സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഒരു എണ്ണടാങ്കര്‍ തട്ടിയെടുത്ത് അലുലയ്ക്ക് സമീപം എത്തിച്ചതായി സൊമാലിയയിലെ അര്‍ദ്ധ-സ്വയംഭരണ പ്രദേശമായ പുന്ത്‌ലാന്‍ഡിലെ അലുല പട്ടണത്തിന്റെ ചുമതലയുള്ള ജില്ലാ കമ്മിഷണര്‍ മൊഹമ്മദ് അഹമ്മദ് എയ്നാബ് പറഞ്ഞു. കപ്പല്‍ റാഞ്ചിയ വിവരം മേഖലയിലുണ്ടായിരുന്ന യൂറോപ്യൻ യൂണിയൻ നാവികസംഘം ഇതു സ്‌ഥിരീകരിച്ചിട്ടുണ്ട്.
ജിബൂട്ടിയിൽനിന്നു സൊമാലിയയുടെ തലസ്‌ഥാനമായ മൊഗദിഷുവിലേക്ക് എണ്ണയുമായി പോകുകയായിരുന്നു ടാങ്കർ. രണ്ടു ചെറുബോട്ടുകളിൽ സായുധസംഘം പിന്തുടരുന്നതായി ടാങ്കറിൽനിന്നു സന്ദേശം ലഭിച്ചതിനു പിന്നാലെ ട്രാക്കിങ് സിസ്‌റ്റത്തിൽനിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. പ്രാദേശിക മത്സ്യത്തൊഴിലാളികളും മുന്‍ കൊള്ളക്കാരും അടക്കം സായുധരായ രണ്ടുഡസനിലേറെ പേരുടെ കാവലിലാണു ടാങ്കറെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ചുകൊണ്ട് എ.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൊള്ളക്കാര്‍ക്ക് അല്‍ ഖ്വയ്ദ ഭീകരരുമായി ബന്ധമുള്ള അല്‍-ഷബാബ് ഭീകരസംഘടനയുമായി ബന്ധമുള്ളതായി സൂചനയുണ്ട്. ടാങ്കർ വിട്ടുനൽകാനും ജീവനക്കാരെ മോചിപ്പിക്കാനും കൊള്ളക്കാർ വൻതുക ആവശ്യപ്പെടുന്നതായും ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ടാങ്കർ കണ്ടെത്താൻ ഊർജിത ശ്രമങ്ങൾ നടത്തിവരികയാണ്.
കപ്പല്‍ യഥാര്‍ത്ഥത്തില്‍ ആരുടെ ഉടമസ്ഥതയിലുള്ളതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ശ്രീലങ്കന്‍ പതാകവഹിക്കുന്ന കപ്പല്‍ യു.എ.ഇയുടെ ഉടമസ്ഥതയിലുള്ളതാനെന്ന് ഓഷ്യന്‍സ് ബിയോണ്ട് പൈറസി ഡയറക്ടര്‍ ജോണ്‍ സ്ട്രീഡ് പറയുന്നു. എന്നാല്‍ ഫ്രഞ്ച് ഗതാഗത മന്ത്രാലത്തിന്റെ ഇക്വാസിസ് ഷിപ്പിംഗ് ഡാറ്റ വെബ്സൈറ്റിലെ വിവര പ്രകാരം കപ്പല്‍ പനാമ കമ്പനി ആര്‍മി ഷിപ്പിംഗിന്റെ ഉടസ്മസ്ഥതയിലുള്ളതാണെന്നും ഫുജൈറയിലെ അറോറ ഷിപ്പ് മാനേജ്മെന്റ് എന്ന കമ്പനിയാണ് കപ്പല്‍ കൈകാര്യം ചെയ്യുന്നതെന്നുമാണ്.
യു.എന്‍ ഷിപ്പിംഗ് ഡാറ്റ ബേസിലെ വിവരപ്രകാരം കപ്പലിന്റെ ഉടമസ്ഥര്‍ ആര്‍മി ഷിപ്പിംഗ് എസ്.എ എന്ന കമ്പനിയാണ്. യു.എ.ഇയിലെ ഫുജൈറ ആസ്ഥാനമായ അറോറ ഷിപ്പ് മാനേജ്മെന്റ് എന്ന കമ്പനിയാണ് കപ്പല്‍ കൈകാര്യം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളോടോ, ഇ-മെയിലുകളോടോ പ്രതികരിക്കാന്‍ അറോറ അധികൃതര്‍ തയ്യാറായിട്ടുമില്ല.
ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ വിവരം പ്രകാരം എരിസ് 13 യു.എ.ഇയിലെ ഫ്ലെയര്‍ ഷിപ്പിംഗ് ട്രേഡിംഗ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഫ്ലെയര്‍ ഷിപ്പിംഗ് മാനേജിംഗ് ഡയറക്ടറും വിസമ്മതിക്കുകയാണ് ഉണ്ടായത്.
ചെറിയൊരു ഇടവേളയ്‌ക്കു ശേഷം കടൽക്കൊള്ളക്കാർ വീണ്ടും സജീവമാകുന്നതായി യു.എൻ മുന്നറിയിപ്പു നൽകിയിരുന്നു. നേരത്തെ ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങള്‍ ഇതുവഴി പോകുന്ന കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കിയിരുന്നു.
Post Your Comments