കേരളത്തില്‍ ഫോണ്‍ ചോര്‍ത്തലിനെചൊല്ലി വാദകോലാഹലങ്ങള്‍ തുടരുന്നു. മുഖ്യമന്ത്രി ഉള്‍പ്പടെ 27പേരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കര നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേരളത്തില്‍ പ്രമുഖരല്ലാത്ത നിരവധി പേരുടെയും ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്നാണ് പൊലീസിലെ ചിലര്‍ നല്‍കുന്ന വിവരം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം പേരൂര്‍ക്കടയിലെ മണ്ണാമൂലയിലെ വാടകകെട്ടിടത്തില്‍ സ്ഥാപിച്ചുകഴിഞ്ഞ പ്രത്യേക സംവിധാനം വഴിയാണ് ഫോണ്‍ ചോര്‍ത്തുന്നത്. ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തിലെ 5(2) വകുപ്പും രണ്ടായിരത്തിലെ വിവര സാങ്കേതികതാ നിയമത്തിലെ 69-ാം വകുപ്പും പൊലീസിന് ഫോണ്‍ ചോര്‍ത്താന്‍ അനുമതി നല്‍കുന്നുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ നടക്കുന്നുണ്ടോയെന്നു പരിശോധിക്കാനും വലിയ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനും മാത്രമാണിത്. ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ രണ്ടുമാസം വരെ ഒരാളുടെ ഫോണ്‍ ചോര്‍ത്താം എന്നാണ് വിവരം. ഐ.ജി പദവിയിലുള്ളവര്‍ക്ക് കേസ് അന്വേഷണത്തിന്റെ ഭാഗമായി അടിയന്തിരഘട്ടങ്ങളില്‍ ആരുടെയും ഫോണ്‍ ചോര്‍ത്താം. അതേസമയം നിരവധി സ്വകാര്യ സ്ഥാപനങ്ങളും വിദേശ നിര്‍മിത അത്യാധുനിക ഉപകരണങ്ങള്‍ വഴി ഫോണ്‍ ചോര്‍ത്തുന്നുവെന്നു പൊലീസ് വ്യക്തമാക്കുന്നു. ഇത്തരം സാങ്കേതിക വിദ്യകള്‍ എന്താണെന്നു കണ്ടെത്താന്‍ പൊലീസിനു പലപ്പോഴും കഴിയാറില്ല. ഫോണ്‍ ചോര്‍ത്തല്‍ ഇതിവൃത്തമായ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സലാല മൊബൈല്‍സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മതതീവ്രവാദികളുടെയും മാവോവാദികളുടെയും കൊടും ക്രിമിനലുകളുടെയും ഫോണാണ് പൊലീസ് ചോര്‍ത്തുന്നതെങ്കില്‍ സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ ഏതെങ്കിലും വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി സാധാരണക്കാരുടെയും ഫോണ്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
Post Your Comments