പുതിയ നോട്ടില്‍ എഴുതിയയാള്‍ക്ക് പണികിട്ടി. തിരുവനന്തപുരം മുരുക്കുംപുഴയ്ക്കടുത്തു വെയിലൂര്‍ കോട്ടറക്കരിയിലെ ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്നും കിട്ടിയ 500രൂപയുടെ നോട്ടുകളിലാണു പെന്‍സില്‍ കൊണ്ടു നോട്ടുകളുടെ എണ്ണം എഴുതിയിരുന്നത്. ഭവനവായ്പ അടയ്ക്കാനെത്തിയ വീട്ടമ്മയോടു നോട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള അക്കങ്ങള്‍ റബറുപയോഗിച്ചു മായ്ച്ചുകളയുകയോ അല്ലെങ്കില്‍ പുതിയ നോട്ട് നല്‍കുകയോ വേണമെന്നു പെരുങ്ങുഴി എസ്ബിടി ബാങ്കിലെ ജീവനക്കാരന്‍ ശഠിച്ചു. പുതിയ നോട്ടാണെന്നും എടിഎമ്മില്‍ നിന്നും കിട്ടിയതാണെന്നും അറിയിച്ചെങ്കിലും ജീവനക്കാരന്‍ വഴങ്ങിയില്ല. തുടര്‍ന്നു മറ്റൊരു നോട്ട് സംഘടിപ്പിച്ചു വായ്പ തുക അടച്ച ശേഷമാണു വീട്ടമ്മ ബാങ്കില്‍ നിന്നും മടങ്ങിയത്.
ഇന്നലെ രാവിലെ പത്തുമണിയോടെ എടിഎമ്മില്‍ നിന്നും വീട്ടമ്മയെടുത്ത 10,000 രൂപയുടെ ഇരുപത് 500 രൂപാ നോട്ടുകളില്‍ ആറോളം നോട്ടുകളില്‍ 100, 25, 50 എന്നു പെന്‍സില്‍ കൊണ്ടുള്ള അക്കങ്ങള്‍ രേഖപ്പെടുത്തിയിരുന്നതായി വീട്ടമ്മ പറഞ്ഞു. ബാങ്കില്‍ നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി പെന്‍സില്‍ കൊണ്ടു നോട്ടുകളുടെ എണ്ണം എഴുതിയതാണു പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കിയതെന്നാണ് അനുമാനിക്കപ്പെടുന്നത്. ഇതേ നോട്ട് പിന്നീടു സമീപത്തെ മാര്‍ജിന്‍ ഫ്രീഷോപ്പില്‍ നല്‍കിയപ്പോള്‍ സ്വീകരിക്കുകയും ചെയ്തതായി വീട്ടമ്മ അറിയിച്ചു. പുതിയ നോട്ടുകളില്‍ എഴുത്തുകളോ മറ്റോ പാടില്ലെന്നു റിസര്‍വ് ബാങ്ക് അധികൃതര്‍ മുന്‍കൂട്ടി അറിയിപ്പു നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ എടിഎമ്മില്‍ നിന്നും ലഭിച്ച നോട്ടുകളിലാണു പെന്‍സില്‍ കൊണ്ടുള്ള രേഖപ്പെടുത്തല്‍ കണ്ടെത്തിയിട്ടുള്ളത്.
Post Your Comments