മലപ്പുറം: ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയച്ചുകയറിയാല്‍ സംസ്ഥാനത്ത് വീണ്ടും ഉപതെരഞ്ഞെടുപ്പ് കളമൊരുങ്ങും. നിലവില്‍ വേങ്ങരയില്‍ നിന്നുള്ള എംഎല്‍എയാണ് കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് വിജയിച്ചാല്‍ അദ്ദേഹത്തിന് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. ഇതോടെ സംസ്ഥാനത്ത് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരുമെന്ന സ്ഥിതിയാകും.
ഏപ്രില്‍ 12-നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റ് മുന്നണികളെ എല്ലാം പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ഒരുപടി മുന്നിലെത്തിയിരിക്കുകയാണ്. എല്‍ഡിഎഫും എന്‍ഡിഎയും ഇതുവരെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയിട്ടില്ല.
മാര്‍ച്ച് 24-നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
66-കാരനായ കുഞ്ഞാലിക്കുട്ടി സംസ്ഥാനത്തെ ലീഗിന്റെ ശക്തമായ മുഖങ്ങളില്‍ ഒന്നാണ്. ഇ.അഹമ്മദിന്റെ അഭാവത്തില്‍ ലീഗിനെ ദേശീയ തലത്തില്‍ നയിക്കാന്‍ ശക്തനായ ഒരാള്‍ വേണമെന്ന പാര്‍ട്ടി നിലപാട് അനുസരിച്ചാണ് നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവ് കൂടിയായ കുഞ്ഞാലിക്കുട്ടി മലപ്പുറത്തു നിന്നും ജനവിധി തേടുന്നത്.
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട ആരോപണവും കുറ്റിപ്പുറത്ത് 2006-ല്‍ കെ.ടി.ജലീലിനോട് ഏറ്റ തോല്‍വിയും മാത്രമാണ് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തില്‍ തിരിച്ചടിയായിട്ടുള്ളത്. 27-ാം വയസില്‍ മലപ്പുറം നഗരസഭയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് പിന്നെ തിരിഞ്ഞുനോല്‍ക്കേണ്ടി വന്നിട്ടില്ല. ലീഗിന്റെ കേരളത്തിലെ മുഖമായി കുഞ്ഞാലിക്കുട്ടി വളരെ വേഗം വളരുകയായിരുന്നു.
Post Your Comments