ന്യൂഡല്‍ഹി: ഗോവയില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളിയത്.
ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കര്‍ ആണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയുടെ അടിയന്തിര സ്വഭാവം പരിഗണിച്ച്, ഹോളി പ്രമാണിച്ച് അവധിയായിരുന്നെങ്കിലും സുപ്രീംകോടതി ഹര്‍ജി ചൊവ്വാഴ്ചതന്നെ പരിഗണിക്കുകയായിരുന്നു.
നേരത്തെ രമേഷ് പണ്ഡിറ്റ് കേസില്‍ സുപ്രീംകോടതിയുടെ തന്നെ വിധിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകണം സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് എന്ന് എടുത്തു പറഞ്ഞിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തൂക്കുമന്ത്രിസഭയില്‍ ഇതാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്. ആദ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ് ഗവര്‍ണര്‍ ക്ഷണിക്കേണ്ടതെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ഗോവയില്‍ 17 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും കുതിരക്കച്ചവടത്തിലൂടെ ബിജെപി അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു ഹര്‍ജിയിലെ പരാതി. ബിജെപിക്ക് കോവല ഭൂരിപക്ഷമായ 21 അംഗങ്ങളുടെ പിന്തുണയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി. ബിജെപിക്ക് ഭൂരിപക്ഷമില്ലെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് നിരീക്ഷിച്ചു. ഇതിന്റെ തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെങ്കിലും എന്തുകൊണ്ട് ഹാജരാക്കിയില്ലെന്നും കോടതി ചോദിച്ചു. കോടതിയെ ഗവര്‍ണറാക്കരുതെന്നും ചീഫ് ജസ്റ്റീസ് മുന്നറിയിപ്പ് നല്‍കി. മുതിര്‍ന്ന അഭിഭാഷകനും പാര്‍ട്ടി നേതാവുമായ അഭിഷേക് മനു സിംഗ്‌വിയാണ് കോണ്‍ഗ്രസിന് വേണ്ടി ഹാജരായത്.
40 അംഗ ഗോവ നിയമസഭയില്‍ കോണ്‍ഗ്രസിന് 17 എംഎല്‍എമാരാണുള്ളത്. 13 അംഗങ്ങളുള്ള ബിജെപി, മൂന്ന് അംഗങ്ങള്‍ വീതമുള്ള മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി(എംജിപി), ഗോവ ഫോര്‍വേഡ് പാര്‍ട്ടി(ജിഎഫ്പി) എന്നിവരുടെയും രണ്ടു സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെയാണ് 21 അംഗങ്ങളുടെ ഭൂരിപക്ഷം ഉറപ്പിച്ചത്.
ഹര്‍ജി തള്ളിയെങ്കിലും ഇന്ന് അധികാരമേല്‍ക്കുന്ന മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ ബുധനാഴ്ച വിശ്വാസവോട്ടെടുപ്പ് തേടണമെന്നും കോടതി നിരീക്ഷിച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ഗവര്‍ണറോട് കോടതി നിര്‍ദ്ദേശിച്ചു.
Post Your Comments