NewsInternational

വേഗതയില്‍ അമേരിക്കന്‍ പോലീസിന് തോല്‍വി: ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത് മറ്റൊരു രാജ്യം

ദുബായ്: അമേരിക്ക ലോകപോലീസാണ് എന്നാണ് വയ്പ്പ്. അപ്പോള്‍ അമേരിക്കയിലെ പോലീസാണോ ഏറ്റവും മികച്ച പോലീസ്. അക്കാര്യത്തില്‍ തര്‍ക്കമുണ്ടാകുമെങ്കിലും വേഗയില്‍ അമേരിക്കന്‍ പോലീസിനെ തോല്‍പിച്ച് മറ്റൊരു പോലീസ് സംഘം രംഗത്തെത്തിയത് ഒരുപക്ഷെ അമേരിക്കന്‍ പോലീസിനെപ്പോലും ഞെട്ടിച്ചിരിക്കും.

വേഗത്തില്‍ ചീറിപ്പായുന്ന പട്രോളിങ് വാഹനങ്ങളുടെ കാര്യത്തിലാണ് അമേരിക്കന്‍ പോലീസിന് തോല്‍വിയേറ്റുവാങ്ങേണ്ടിവന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ പോലീസ് പട്രോളിംഗ് വാഹനത്തിനുള്ള ഗിന്നസ് റിക്കാര്‍ഡ് സ്വന്തമാക്കി ദുബായി പോലീസാണ് അമേരിക്കയെ ഞെട്ടിച്ചത്. പോലീസ് പട്രോളിങ് വാഹനത്തിന്റെ വേഗത്തിന്റെ കാര്യത്തില്‍ ഇത്രനാളും അമേരിക്ക കൈവശം വച്ചിരുന്ന ഗിന്നസ് റിക്കോര്‍ഡാണ് ദുബായ് പോലീസ് സ്വന്തം പേരില്‍ കുറിച്ചത്.

ആഢംബര സ്‌പോര്‍ട്‌സ് വാഹനമായ ബുഗാട്ടി വെയ്‌റോണ്‍ ഉപയോഗിച്ചുള്ള പട്രോളിംഗാണ് ദുബായ് പോലീസിന് നേട്ടം സ്വന്തമാക്കാന്‍ സഹായിച്ചത്. 1000 ഹോഴ്‌സ് പവറുള്ള ഈ പട്രോളിംഗ് വാഹനത്തിന് മണിക്കൂറില്‍ 407 കീലോമീറ്റര്‍ വേഗത്തില്‍വരെ കുതിക്കാനാകും.അമേരിക്കന്‍ പോലീസ് പട്രോളിംഗിന് ഉപയോഗിക്കുന്ന ഏറ്റവും വേഗം കൂടിയ വാഹനം ലംബോര്‍ഗിനി സ്‌പോര്‍ട്‌സ് കാറാണ്. ഇതിന് മണിക്കൂറില്‍ 360 കിലോമീറ്ററാണ് വേഗത. ഈ റിക്കാര്‍ഡാണ് ഇപ്പോള്‍ ദുബായ് പോലീസ് പിന്നിലാക്കിയിരിക്കുന്നത്.

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ദുബായ് പോലീസ് ബുഗാട്ടി വെയ്‌റോണ്‍ പോലീസ് സേനയുടെ ഭാഗമാക്കിയത്. പട്രോളിംഗിനായി ലംബോര്‍ഗിനി, ഫെരാരി എഫ്എഫ്, മെഴ്‌സിഡസ് എസ്എല്‍സ്, നിസാന്‍ ജിടിആര്‍, റൗഷ് മസ്താംഗ്, ബെന്റ്‌ലി കോണ്ടിനന്റല്‍, ഔഡി, ആസ്റ്റണ്‍ മാര്‍ട്ടിന്‍ തുടങ്ങിയ ആഢംബര കാറുകളുടെ വന്‍ ശേഖരം ദുബായ് പോലീസിനുണ്ട്. ഈ കാര്‍ സംഘത്തിലേക്കാണ് പുതുതായി ബുഗാട്ടി വെയ്‌റോണ്‍ ദുബായി പോലീസിന് റെക്കോര്‍ഡ് നേട്ടം സമ്മാനിച്ച് എത്തിയത്.

shortlink

Post Your Comments


Back to top button