KeralaNews

കൊച്ചിയിലെ പെണ്‍കുട്ടിയുടെ ദുരൂഹ മരണം; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സി.എ. വിദ്യാര്‍ഥിനി മിഷേലിന് നീതി ആവശ്യപ്പെട്ട് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ യുവാക്കള്‍ സംഘടിക്കുകയാണ്. ജസ്റ്റിസ് ഫോര്‍ മിഷേല്‍’ കാമ്പയിനില്‍ പല രീതികളിലാണ് യുവാക്കള്‍ പങ്കുചേരുന്നത്. ചിലര്‍ മിഷേലിന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കുമ്പോള്‍ ചിലര്‍ ഹാഷ് ടാഗിങ്ങിലൂടെയാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. പെണ്‍കുട്ടി പ്രമുഖയല്ലാത്തതുകൊണ്ട് അവള്‍ക്ക് വേണ്ടി തെരുവിലിറങ്ങാന്‍ ആരുമില്ലെന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ. #justiceformishel എന്ന ഹാഷ്ടാഗില്‍ പ്രതിഷേധമറിയിക്കുന്നവര്‍ മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ചുംബനസമരക്കാരും എവിടെയെന്നും ചോദിക്കുന്നു.

‘അന്ന് ജിഷയ്ക്കു വേണ്ടി വിപ്ലവം നടത്തിയവര്‍, ഇന്ന് ഒരുപാട് ജിഷമാര്‍ ഉണ്ടാകുമ്പോള്‍ എന്തേ മിണ്ടാതിരിക്കുന്നു? മിഷേല്‍ ഈ സമൂഹത്തിന്റെ ഭാഗമായിരുന്നില്ലേ!! സത്യത്തിനു നേരെ കണ്ണടച്ച് ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കു കിട്ടേണ്ടുന്ന നീതി നിഷേധിക്കുന്നത് ന്യായമോ? നീതിക്കായി കേഴുന്ന ആ ആത്മാവിനു വേണ്ടി, നമ്മുടെ അമ്മപെങ്ങന്മാര്‍ക്കു വേണ്ടി, നമുക്കുയര്‍ത്താം നമ്മുടെ കരങ്ങള്‍’ – ഫേസ്ബുക്കില്‍ മിഷേലിന് നീതി ആവശ്യപ്പെട്ട് പ്രത്യക്ഷപ്പെട്ട ‘ജസ്റ്റിസ് ഫോര്‍ മിഷേല്‍’ എന്ന പേജിന്റെ ആമുഖം ഇങ്ങനെയാണ്.

എന്തിലും ഏതിലും തമാശ കലര്‍ത്തുന്ന ട്രോളന്മാരും മിഷേലിന്റെ വിഷയത്തില്‍ ഗൗരവമായ നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. ആക്ഷേപ ഹാസ്യത്തിന്റെ കനത്ത പ്രഹരം തന്നെയാണ് ഇവര്‍ പോലീസിനുള്‍പ്പെടെ നല്‍കുന്നത്. മിഷേലിന്റെ നീതിക്കു വേണ്ടി നിവിന്‍ പോളി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. പ്രമുഖര്‍ക്കും സാധാരണക്കാര്‍ക്കും തുല്യവും വേഗമാര്‍ന്നതുമായ നീതി വേണമെന്നാണ് ഏവരുടെയും ആവശ്യം. ഇതിനായി ഇ-സ്ഥലത്തു നിന്ന് പുറത്ത് സംഘടിക്കാനും പല ഗ്രൂപ്പുകളും ആഹ്വാനം ചെയ്യുന്നു.

മിഷേലിന്റേത് ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മിഷേലിനെ കാണാതായ കഴിഞ്ഞ ഞായറാഴ്ച, കലൂര്‍ പള്ളിയില്‍ നിന്നും മടങ്ങുന്ന മിഷേലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ബന്ധുക്കള്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. ദൃശ്യങ്ങളില്‍ കണ്ട ബൈക്കിലെത്തിയ യുവാക്കള്‍ മിഷേലിനെ തിരഞ്ഞാണോ എത്തിയതെന്നും ബന്ധുക്കള്‍ക്ക് സംശയമുണ്ട്. പിറ്റേന്ന് വൈകിട്ടാണ് ഐലന്‍ഡിലെ വാര്‍ഫിനടുത്ത് മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തില്‍ വീണ് മരിച്ചതിന്റെ അടയാളങ്ങള്‍ ശരീരത്തില്‍ കാണാനില്ലെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.

നിവിന്‍ പോളി, ജൂഡ് ആന്റണി, ടോവിനോ തോമസ് തുടങ്ങിയ സിനിമാ പ്രവര്‍ത്തകരും മിഷേലിന് നീതിയാവശ്യപ്പെട്ട് ഫെയ്‌സ്ബുക്കിലെത്തി. #justiceformishel എന്ന ഹാഷ്ടാഗില്‍ ട്രോള്‍ മലയാളം പോലുള്ള പേജുകളും വിവിധ യുവജന സംഘടനകളും കേരളാ പൊലീസിനെയും മാധ്യമങ്ങളെയും പക്ഷപാതപരമായ പ്രതികരണങ്ങളെയും ചുംബനസമരക്കാരെയും ആക്ടിവിസ്റ്റുകളെയും വിമര്‍ശിച്ചുകൊണ്ട് അണിനിരന്നിട്ടുണ്ട്. മിഷേലിന്റെ മരണത്തിലെ ദുരൂഹതകള്‍ നീക്കി നീതി ഉറപ്പാക്കുക എന്ന ആവശ്യം ശക്തമായിരിക്കുകയാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button