ന്യൂഡല്‍ഹി: ഗോവയില്‍ വലിയ കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിനെതിരേ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി അടിയന്തിരമായി വാദം കേള്‍ക്കും. ചൊവ്വാഴ്ച രാവിലെ ഇതുസംബന്ധിച്ച് ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ഹോളി പ്രമാണിച്ച് കോടതി അവധിയാണെങ്കിലും ഹര്‍ജിയുടെ അടിയന്തിര പ്രാധാന്യം പരിഗണിച്ചാണ് രാവിലെ തന്നെ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജെ.എസ്.ഖേഹാര്‍ അറിയിക്കുകയായിരുന്നു. ഇതിനായി പ്രത്യേക ബഞ്ചും രൂപീകരിക്കും.
ചൊവ്വാഴ്ച ഗോവയില്‍ മനോഹര്‍ പരീക്കറുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഇതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിപ്പിച്ചതും കോടതി കേസ് അടിയന്തരമായി പരിഗണിക്കുന്നതും. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കര്‍ ആണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
നേരത്തെ രമേഷ് പണ്ഡിറ്റ് കേസില്‍ സുപ്രീംകോടതിയുടെ തന്നെ വിധിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകണം സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് എന്ന് എടുത്തു പറഞ്ഞിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തൂക്കുമന്ത്രിസഭയില്‍ ഇതാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്. ആദ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ് ഗവര്‍ണര്‍ ക്ഷണിക്കേണ്ടതെന്നാണ് ഹര്‍ജിയിലെ ആവശ്യം.
40 അംഗ ഗോവ നിയമസഭയില്‍ കോണ്‍ഗ്രസിന് 17 എംഎല്‍എമാരാണുള്ളത്. 13 അംഗങ്ങളുള്ള ബിജെപി, മൂന്ന് അംഗങ്ങള്‍ വീതമുള്ള മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി(എംജിപി), ഗോവ ഫോര്‍വേഡ് പാര്‍ട്ടി(ജിഎഫ്പി) എന്നിവരുടെയും രണ്ടു സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെയാണ് 21 അംഗങ്ങളുടെ ഭൂരിപക്ഷം ഉറപ്പിച്ചത്.
അതേസമയം, സുപ്രീംകോടതി വിധി കോണ്‍ഗ്രസിന് അനുകൂലമാകുകയും ഗോവയില്‍ ബിജെപി നേതാവ് മനോഹര്‍ പരീക്കറിന് ആദ്യം സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ സമാനമായ സാഹചര്യം തന്നെ മണിപ്പൂരിലും സൃഷ്ടിക്കപ്പെടും. ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും കോണ്‍ഗ്രസിനെ ഒഴിവാക്കി പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിച്ച രണ്ടാമത്തെ വലിയകക്ഷിയായ ബിജെപിയെ ആണ് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്. ഇവിടെയും പ്രതികൂല വിധി ബിജെപിക്ക് തിരിച്ചടിയാകും.
Post Your Comments