IndiaNews

മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; ബിരേൻ സിങ് മുഖ്യമന്ത്രി

ഇംഫാല്‍: മണിപ്പുരിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഗോവയില്‍ ചെറുപാര്‍ട്ടികളുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സമാനമായ രീതിയിലാണ് മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്.

കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ എൻ. ബിരേൻ സിങ് മണിപ്പുർ മുഖ്യമന്ത്രിയാകും. പാർട്ടി നിയമസഭാകക്ഷി നേതാവായി ബിരേൻ സിങ്ങിനെ തെരഞ്ഞെടുത്തു. ഉടൻതന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കുമെന്ന് ബിരേൻ സിങ് അറിയിച്ചു.പതിനഞ്ചു വർഷത്തെ കോൺഗ്രസ് ഭരണം അവസാനിപ്പിച്ചാണ് മണിപ്പുരിൽ ബി.ജെ.പി അധികാരത്തിലെത്തുന്നത്.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി സിങിനോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള ആവശ്യപ്പെട്ടു. നേരത്തെ, രാജിവയ്ക്കില്ലെന്നും തനിക്ക് ഭൂരിപക്ഷമുണ്ടെന്നും പറഞ്ഞ് ഉറച്ചുനിന്ന ഇബോബി സിങ് വൈകുന്നേരത്തോടെ നിലപാട് മാറ്റി രാജിവയ്ക്കുകയാണെന്ന് അറിയിച്ചു. സ്വന്തം എംഎല്‍എമാര്‍ മറുകണ്ടം ചാടിയേക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് രാജിവയ്ക്കാന്‍ ഇബോബി സിങ് തീരുമാനിച്ചത്.

60 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 31 എംഎല്‍എമാരാണ്. കോണ്‍ഗ്രസിന് 28 അംഗങ്ങള്‍ മാത്രമേയുള്ളൂ. ഇന്നലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഗവര്‍ണറെ കണ്ട് ഇബോബി സിങ് ഭൂരിപക്ഷമുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇത് അംഗീകരിച്ചിരുന്നില്ല.

ഇതിന് പിന്നാലെയാണ് നടപടി ക്രമത്തിന്റെ ഭാഗമായി രാജിവയ്ക്കാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. നിലവില്‍ മണിപ്പൂരിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകാനേ കഴിഞ്ഞുള്ളൂ. തൊട്ടടുത്ത എതിരാളികളായ ബിജെപിക്ക് 21 അംഗങ്ങളുണ്ട്.

21 അംഗങ്ങളുള്ള ബിജെപി, പ്രാദേശിക കക്ഷികളായ നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇതില്‍ നാല് അംഗങ്ങളുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിപി) തങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നായിരുന്നു ഇബോബി സിങിന്റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന ഗവര്‍ണര്‍ അവരുടെ പിന്തുണ എംഎല്‍എമാരെ നേരിട്ട് ഹാജരാക്കി തെളിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഇബോബി സിങ്, സര്‍ക്കാര്‍ രൂപീകരണ ശ്രമത്തില്‍ നിന്ന് പിന്നോട്ട് പോയി രാജിവയ്ക്കാന്‍ തീരുമാനിച്ചത്.

മണിപ്പൂരില്‍ കോണ്‍ഗ്രസ് നേതാവ് ഒക്രാം ഇബോബി സിങ് ആണ് 2002 മുതല്‍ മുഖ്യമന്ത്രി. ഈ പടയോട്ടമാണ് ഇത്തവണ ബിജെപി തകര്‍ത്തത്. മണിപ്പൂരിലും അധികാരത്തില്‍ വരുന്നതോടെ മൂന്നാമത്തെ വടക്കുകിഴക്കന്‍ സംസ്ഥാനത്താണ് ബിജെപി അധികാരം പിടിക്കുന്നത്. ആസാമിലും അരുണാചല്‍ പ്രദേശിലും ബിജെപി സര്‍ക്കാരുകളാണ് അധികാരത്തിലുള്ളത്.

shortlink

Post Your Comments


Back to top button