അജ്മാന്‍ : മാസം തികയാതെ ഭാര്യ പ്രസവിച്ച കുഞ്ഞിന്റെ ആശുപത്രി ചെലവ് താങ്ങാനാവാതെ മലയാളി യുവാവ് പ്രതിസന്ധിയില്‍. കോഴിക്കോട് ഫറൂഖ് കടലുണ്ടി സ്വദേശി ബിജുവിന്റെ രണ്ടാമത്തെ കുട്ടിയാണ് അജ്മാനിലെ സ്വകാര്യാശുപത്രിയില്‍ ജീവന് വേണ്ടി പോരാടുന്നത്.
കഴിഞ്ഞ മാസം 19ന് രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് ബിജുവിന്റെ ഭാര്യയെ ഫുജൈറയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. അടിയന്തര നിര്‍ദേശത്തെ തുടര്‍ന്ന് ഇവിടെ നിന്ന് അജ്മാനിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ആറ് മാസം മാത്രം വളര്‍ച്ചയുള്ള കുഞ്ഞിനെ 23ന് സിസേറിയനിലൂടെ പുറത്തെടുത്തു. മൂന്ന് ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിയ കുഞ്ഞിനെ പിന്നീട് ഇന്‍ക്യുബേറ്ററിലേയ്ക്ക് മാറ്റുകയായിരുന്നു.
പ്രസവ ചികിത്സയ്ക്ക് മാത്രം വന്‍ തുക ചെലവായി. ഇപ്പോഴും ഇവിടെ തന്നെ കഴിയുന്ന 600 ഗ്രാം മാത്രം ഭാരമുള്ള കുഞ്ഞിന്റെ ഒരു ദിവസത്തെ ചികിത്സാ ചെലവ് നാലായിരത്തോളം ദിര്‍ഹമാണ്. ഇനിയും ചുരുങ്ങിയത് രണ്ട് മാസത്തോളം കുട്ടിയെ ഇവിടെ കിടത്തി ചികിത്സിക്കേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. രണ്ട് മാസമായി തൊഴില്‍രഹിതനായി കഴിയുന്ന ബിജുവിനെ സംബന്ധിച്ചിടത്തോളം ഭീമമായ തുക എല്ലാ ദിവസവും കണ്ടെത്തുക അസാധ്യമാണ്. ഭാര്യയുടെ ശമ്പളം കൊണ്ട് മാത്രമാണ് കുടുംബം കഴിഞ്ഞുപോരുന്നത്. മനസ്സില്‍ നന്മ വറ്റിയിട്ടില്ലാത്തവരിലാണ് ഈ പിതാവിന്റെ ഇപ്പോഴത്തെ പ്രതീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക്: +971 558740655.
Post Your Comments