NewsIndia

20 കാരിയുടെ മൃതദേഹം ശ്മശാനത്തില്‍ നിന്നും കടത്തിയതിന്റെ രഹസ്യം ചുരുളഴിഞ്ഞു : രഹസ്യത്തിന്റെ കലവറ തുറന്നപ്പോള്‍ പൊലീസിനും നാട്ടുകാര്‍ക്കും ഞെട്ടലും ഭയവും

ചെന്നൈ: 20 കാരിയായ യുവതിയുടെ മൃതദേഹം കടത്തിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. ചെന്നൈയില്‍ നിന്നു തിരുച്ചിറപ്പള്ളിയിലേക്ക് മൃതദേഹം കടത്തിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പലൂരിലെ എംഎം നഗറിലുള്ളവരുടെ പരാതിയെത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് രഹസ്യത്തിന്റെ ചുരുളഴിഞ്ഞത്. ഇവിടെയുള്ള ഒരു വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവരുന്നതായി പ്രദേശവാസികള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് ഈ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് ഞെട്ടിത്തരിച്ചു. ശവപ്പെട്ടിയില്‍ സൂക്ഷിച്ച മൃതദേഹം കത്തിച്ചതിനെ തുടര്‍ന്നാണ് രൂക്ഷമായ ഗന്ധം പുറത്തുവരുന്നതെന്ന് പോലീസ് കണ്ടെത്തി.

പരാതി ഉന്നയിച്ച വീട്ടില്‍ കാര്‍ത്തിക് എന്നയാളും ഇയാളുടെ ഭാര്യ നസീമയുമാണ് ഇവിടെ താമസിക്കുന്നത്. കാര്‍ത്തിക് ദുര്‍മന്ത്രവാദിയാണെന്നാണ് പൊലീസിന്റെ നിഗമനം. ജനുവരി 21നാണ് മൈലാപൂരിലെ ശ്മശാനത്തില്‍ നിന്ന് 20 കാരിയായ യുവതിയുടെ മൃതശരീരം കടത്തിക്കൊണ്ടുവന്നതെന്ന് അവര്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കാര്‍ത്തികിനെയും ഭാര്യ നസീമയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാര്‍ത്തികില്‍ നിന്ന് ദുര്‍മന്ത്രവാദത്തെക്കുറിച്ച് പഠിക്കാന്‍ ബാലാജിയെന്നയാളാണ് മൃതദേഹം കടത്തിക്കൊണ്ടുവന്നതെന്ന് അന്വേഷണത്തില്‍ പോലീസിന് വ്യക്തമായി. പ്രേതങ്ങളുമായി സംസാരിക്കണമെങ്കില്‍ മൃതദേഹം കൊണ്ടുവരണമെന്ന് കാര്‍ത്തിക് ബാലാജിയോട് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ചെന്നൈ കോര്‍പറേഷനിലെ ജീവനക്കാരനായ ധനരാജിനെയും ഇയാളുടെ അസിസ്റ്റന്റിനെയും സമീപിച്ചു.

ജനുവരി 19ന് അഭിരാമിയെന്ന യുവതി ആത്മഹത്യ ചെയ്തതായും ഇവരുടെ മൃതശരീരം എത്തിച്ചു നല്‍കാമെന്നും ധനരാജ് ബാലാജിയെ അറിയിച്ചു. തുടര്‍ന്നു ധനരാജും സഹായിയും ചേര്‍ന്നു തൊട്ടടുത്ത ദിവസം ശ്മശാനത്തിലെത്തി മൃതശരീരം പുറത്തെടുക്കുകയായിരുന്നു. പിന്നീട് ഇത് പേരാബലൂരിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

കാര്‍ത്തികിന്റെ വീട്ടില്‍ ദുര്‍മന്ത്രവാദ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെന്നു പോലീസിനു നേരത്തേ പരാതി ലഭിച്ചിരുന്നു. എന്നാല്‍ അന്നു അന്വേഷണം നടത്തിയപ്പോഴൊന്നും ഒന്നും കണ്ടെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ തിരച്ചിലില്‍ കാര്‍ത്തികിന്റെ വീട്ടില്‍ നിന്ന് 20 മനുഷ്യ തലയോട്ടികളും എല്ലുകളും രക്തം പുരണ്ട വസ്ത്രങ്ങളടങ്ങുന്ന രണ്ടു ബാഗുകളും പോലീസിനു ലഭിച്ചിട്ടുണ്ട്.

നേരത്തേ മരുധാദിയില്‍ താമസിച്ചിരുന്നപ്പോളും കാര്‍ത്തിക് ദുര്‍മന്ത്രവാദങ്ങള്‍ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. അന്ന് നാട്ടുകാര്‍ ഇയാളെ അവിടെ നിന്ന് തുരത്തി ഓടിക്കുകയായിരുന്നു.2015ല്‍ കാര്‍ത്തികിനെതിരേ പോലീസ് കേസെടുത്തിരുന്നു.

മൃതശരീരം കടത്തിക്കൊണ്ടു പോവുന്നവരെ തടയാനും പിടികൂടാനും പോലീസ് ശ്രമങ്ങള്‍ ഊര്‍ജിതമാക്കിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ശ്മശാനങ്ങളില്‍ അകത്തും പുറത്തും കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button