KeralaNews

രണ്ടുമാസം മുന്‍പ് കൊല്ലപ്പെട്ട യുവതിയുടെ കുട്ടികളെ മുംബൈയില്‍ കണ്ടെത്തി

കണ്ണൂര്‍: രണ്ടുമാസം മുന്‍പ് കാമുകന്‍ കൊലപ്പെടുത്തിയ യുവതിയുടെ കുട്ടികളെ മുംബൈയില്‍ അനാഥാലയത്തില്‍ കണ്ടെത്തി. കുട്ടികളെയും കൊലപ്പെടുത്തിയിട്ടുണ്ടാകുമെന്ന സംശയിച്ച പോലീസിന്റെ അന്വേഷണത്തില്‍ അപ്രതീക്ഷിത വഴിത്തിരിവായി കുട്ടികള്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ അധീനതയിലുള്ള അനാഥാലയത്തില്‍ ഉണ്ടെന്ന വിവരം; ഒപ്പം രണ്ടു പിഞ്ചുകുട്ടികള്‍ ജീവനോടെയുണ്ടെന്ന ആശ്വാസവും.

ജനുവരി മാസം 15 നാണ് കണ്ണൂര്‍ ഇരിട്ടിയില്‍ നാടോടി യുവതിയായ ശോഭ (25)കൊല്ലപ്പെട്ടത്. ഒപ്പം കഴിഞ്ഞിരുന്ന ബന്ധു തുങ്കൂര്‍ സ്വദേശി മഞ്ജുനാഥിനെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്തിരുന്നു. ശോഭയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവായ മഞ്ജുനാഥ് ശോഭയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇയാളെ പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ശോഭയുടെ ഭര്‍ത്താവ് രാജുവിനെ നേരത്തെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തി.

ശോഭയെ കൊലപ്പെടുത്തിയതും സമ്മതിച്ച പ്രതി ശോഭയുടെ മക്കളായ ആറു വയസുകാരന്‍ ആര്യന്‍, നാലുവയസുകാരി അമൃത എന്നിവരെ ശോഭയുടെ കൊലപാതകത്തിനുശേഷം ബാംഗളൂര്‍ക്കുള്ള ട്രെയിനില്‍ കയറ്റിവിട്ടുവെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ കുട്ടികളെയും ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടാകുമെന്ന് സംശയിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. ബാംഗളൂരുവില്‍ പ്രതിയെ കൊണ്ടുപോയി തെളിവെടുത്തപ്പോള്‍ കത്തിക്കരിഞ്ഞ നിലയില്‍ മനുഷ്യ അസ്ഥികള്‍ പോലീസിന് ലഭിച്ചിരുന്നു. ഇത് കുട്ടികളുടെതാണോ അതോ നേരത്തെ കൊല്ലപ്പെട്ട ശോഭയുടെ ഭര്‍ത്താവ് രാജുവിന്റെതാണോ എന്ന് പോലീസ് സംശയിച്ചിരുന്നു. കണ്ണൂര്‍ പേരാവൂര്‍ സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസാണ് അന്വേഷണം നടത്തുന്നത്.

ശോഭയെ കൊലപ്പെടുത്തി ഇരിട്ടിയിലെ പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ മഞ്ജുനാഥ് സമ്മതിച്ചിരുന്നു. നേരത്തെ ശോഭയുമായി ചേര്‍ന്ന് ആസൂത്രണം ചെയ്താണ് ഭര്‍ത്താവ് രാജുവിനെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. രാജുവിനെ കൊലപ്പെടുത്തിയശേഷം ശോഭയ്‌ക്കൊപ്പം കഴിഞ്ഞുവരുകയായിരുന്നു മഞ്ജുനാഥ്. ശോഭയുടെ രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്നു.

ഇതിനിടെയാണ് ശോഭയുമായി വഴക്കിട്ട് പിണങ്ങിയ ഇയാള്‍ യുവതിയെ ഒഴിവാക്കാന്‍ കൊലപാതകം നടത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു. ശോഭയെ കൊലപ്പെടുത്തുന്ന സമയത്ത് ശബ്ദം കേട്ട് മകന്‍ ആര്യന്‍ ഉണര്‍ന്നെന്നും പിന്നീട് കുട്ടി പോലീസിന് മൊഴികൊടുക്കുന്നത് തടയാന്‍ കുട്ടികളെ ഇരുവരെയും ട്രെയിനില്‍ കയറ്റിവിടുകയായിരുന്നുവെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്. ശോഭ കൊല്ലപ്പെട്ടതിനുശേഷം രാവിലെ കുട്ടികളുമായി ഇയാള്‍ പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കുട്ടികളെ ട്രെയിനില്‍ കയറ്റിവിട്ടതായി ഇയാള്‍ പറഞ്ഞെങ്കിലും ഇരുവരെയും ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിച്ചത്. ഇതിനിടെയാണ് ബാംഗളൂരില്‍ എത്തിച്ചത് തെളിവെടുപ്പ് നടത്തി മനുഷ്യ അസ്ഥികള്‍ കണ്ടെടുത്തത്. മഞ്ജുനാഥ് റിമാന്‍ഡിലാണ്.

പോലീസ് കുട്ടികള്‍ക്കായി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി കുട്ടികളുടെ ചിത്രം വച്ച് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേതുടര്‍ന്ന് മുംബൈയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടികളെ കണ്ടെത്തുകയായിരുന്നു. എസ്‌ഐ അനിഷാദും സംഘവും മുംബൈയില്‍ പോയി കുട്ടികളെ കോടതിയില്‍ ഹാജരാക്കി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ ശ്രമം. ഇതോടെ ശോഭയെ കൊലപ്പെടുത്തിയ കേസിലും തെളിവാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button