NewsIndia

ഗോവയില്‍ ബിജെപി സര്‍ക്കാര്‍ തുടരും; പരീക്കര്‍ മുഖ്യമന്ത്രി; മണിപ്പൂരിലും ബി.ജെ.പി അധികാരത്തിലേക്ക്

ന്യൂഡല്‍ഹി: ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഗോവയിലും മണിപ്പൂരിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. കോണ്‍ഗ്രസ് ആണ് ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ചെറുപാര്‍ട്ടികളും സ്വതന്ത്രരും പിന്തുണ നല്‍കാമെന്ന് അറിയിച്ചതോടെയാണ് ഇരു സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തിലെത്തിക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നാലിലും ബിജെപി അധികാരത്തിലെത്തുകയാണ്.

ഗോവയില്‍ 40 അംഗനിയമസഭയില്‍ 17 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ആണ് വലിയ പാര്‍ട്ടിയായത്. 21 അംഗങ്ങളുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. 13 സീറ്റുകളെയുള്ളൂവെങ്കിലും ചെറുകക്ഷികള്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു. മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധമന്ത്രിയുമായ മനോഹര്‍ പരീക്കറെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമാണ് ബിജെപിക്ക് മുന്നില്‍ അവര്‍ വച്ചത്. ഇതേതുടര്‍ന്ന് പരീക്കര്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു. ഉടന്‍തന്നെ അദ്ദേഹം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആവശ്യമുന്നയിക്കും. ഇന്ന് അര്‍ധരാത്രിയോ അല്ലെങ്കില്‍ നാളെ രാവിലെയോ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനാണ് ബിജെപിയുടെ ശ്രമം. ഗോവയില്‍ നിലവില്‍ ബിജെപിയാണ് ഭരണകക്ഷി.

മണിപ്പൂരിലും സ്ഥിതി സമാനമാണ്. 60 അംഗ നിയമസഭയില്‍ 31 പേരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. 28 സീറ്റുകള്‍ നേടി ഭരണകക്ഷിയായ കോണ്‍ഗ്രസ് മുന്നിലെത്തിയെങ്കിലും കേവല ഭൂരിപക്ഷത്തിന് മൂന്ന് അംഗങ്ങളുടെ കുറവാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിക്ക് സംസ്ഥാനത്ത് 21 സീറ്റുകളാണ് ഉള്ളത്. ചെറുകക്ഷികളും സ്വതന്ത്രരും പിന്തുണയ്ക്കാമെന്ന് അറിയിച്ചതോടെയാണ് മണിപ്പൂരില്‍ ബിജെപി മന്ത്രിസഭ അധികാരമേല്‍ക്കുന്നത്.

shortlink

Post Your Comments


Back to top button