NewsGulf

വ്യാജന്‍മാര്‍ക്ക് പിടിവീഴുന്നു; പൂട്ടുവീണത് 8894 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക്

ദുബായി: ഫെയ്‌സ്ബുക്ക് , ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലെ വ്യാജമന്‍മാരെ ദുബായ് സര്‍ക്കാര്‍ കണ്ടുകെട്ടി. ദുബായ് സര്‍ക്കാരിന്റെ സാമ്പത്തിക വികസന വകുപ്പിന് (ഡിഇഡി) കീഴിലുള്ള കൊമേഴ്‌സ്യല്‍ കംപ്ലെയിന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍(സിസിസിപി) വിഭാഗമാണ് നടപടിയെടുത്തത്. 8894 വ്യാജ അക്കൗണ്ടുകള്‍ക്കാണ് പൂട്ടുവീണത്.

സിസിസിപിയുടെ ഇലക്ട്രോണിക്‌സ് കംപ്ലെയ്ന്‍സ് വിഭാഗം ഇത്തരത്തിലുള്ള ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ കണ്ടെത്തിയിരുന്നു. വിവിധ ഉത്പന്നങ്ങളുടെ വ്യാജ അക്കൗണ്ടുകള്‍ വഴി ഉപഭോക്താക്കള്‍ വന്‍തോതില്‍ വഞ്ചിതരാകുന്നതായി അധികൃതര്‍ കണ്ടെത്തിയിരുന്നു. ട്രേഡ് മാര്‍ക്ക് ലംഘനം, വ്യാജ ഉത്പന്ന വിപണനം എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താണ് ഈ അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

അടച്ചുപൂട്ടിയ മൂന്നു ഫ്‌ലാറ്റ്‌ഫോമുകളിലുള്ള ഈ വ്യാജന്‍മാര്‍ക്ക് വന്‍തോതിലാണ് ഫോളോവേഴ്‌സ് ഉണ്ടായിരുന്നതെന്നതാണ് ഏറെ അതിശയകരം. 94.5 ദശലക്ഷം പേരാണ് ഈ 8894 വ്യാജന്‍മാരെ പിന്തുടര്‍ന്നിരുന്നത്. അതായത് ഇത്രയും പേര്‍ ഇത്രനാളും വിശ്വസിച്ച് പിന്തുടര്‍ന്നത് വ്യാജന്‍മാരെയെന്നു ചുരുക്കം. ഈ 94.5 ദശലക്ഷം ആളുകളില്‍ 80 ശതമാനം പേരും ഇന്‍സ്റ്റഗ്രാമിലുണ്ടായിരുന്നവരാണ്. ബാക്കി 20 ശതമാനം ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ ഫോളോവേഴ്‌സ്.

സിസസിപി ഡയറക്ടറായ ഇബ്രാഹിം ബഹ്‌സാദ് ആണ് വ്യാജന്‍മാര്‍ക്കെതിരേ നടപടിയെടുത്ത കാര്യം അറിയിച്ചത്. 2016 ലും ഇത്തരത്തില്‍ വന്‍തോതില്‍ വ്യാജന്മാരെ പിടികൂടിയിരുന്നതായി അദ്ദേഹം പറഞ്ഞു. തൊട്ടുതലേവര്‍ഷത്തേക്കാള്‍ 200 ശതമാനം വ്യാജന്‍മാരാണ് കഴിഞ്ഞവര്‍ഷം പെരുകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള വ്യാജന്‍മാരെ തിരിച്ചറിയുന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പ്രധാനമായും വ്യാജഉല്‍പന്നങ്ങളും അതിനെ പ്രോത്സാഹിപ്പിക്കാന്‍ അക്കൗണ്ടുകളും ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button